തിരുവനന്തപുരം: മധ്യ, വടക്കൻ ജില്ലകളിൽ വ്യാപക മഴ സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തെക്കൻ ഒഡീഷയ്ക്കും - വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം ചക്രവാത
ചുഴിയായി. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരള –ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളാതീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടം
വടക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോതും മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി.കുറ്റ്യാടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. തയ്യുള്ള പറമ്പില്‍വാസുവിന്‍റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്‍റെ പുരയിടത്തിലെ കിണറും ഇടിഞ്ഞു താഴ്ന്നു. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് കനത്ത മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ചിറ്റേരി ബാബുവിന്‍റെ 2600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന വീടാണ് തകര്‍ന്നത്. ഒരാഴ്ച മുമ്പായിരുന്നു രണ്ടാംനിലയുടെ കോണ്‍ക്രീറ്റ് കഴിഞ്ഞത്.
കണിച്ചാറിലും കേളകത്തും മരം വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഉളിക്കല്‍ മാട്ടറ ചപ്പാത്ത്, വയത്തൂര്‍പ്പാലം എന്നിവ വെള്ളത്തിനടിയിലാണ്. വയനാട് പുത്തൂര്‍ വയല്‍ തോട്ടിലേക്ക് കാര്‍ മറിഞ്ഞു. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തവിഞ്ഞാല്‍, തൊണ്ടര്‍നാട്, തരിയോട് മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കാസര്‍കോട്, മൊഗ്രാല്‍പുഴയിലേയും നീലേശ്വരം പുഴയിലേയും, കാര്യങ്കോട് പുഴയിലേയും ജലനിരപ്പ് അപകട നില കടന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post a Comment