ന്യൂഡൽഹി: ‘മോദി’ പരാമർശത്തിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീംകോടതി ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദിക്കും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് ബിആർ ഗവായ്, പികെ മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിച്ചത്. രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തിൽ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയാണ് രാഹുൽ ഗാന്ധിക്കു വേണ്ടി ഹാജരായത്. പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയതോടെ രാഹുൽ ഗാന്ധിക്ക് 111 ദിവസവും ഒരു പാർലമെന‍്റ് സെഷനും നഷ്ടമായെന്ന് അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി.
വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് അയച്ചതിന് ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്പീലിൽ നേരത്തേ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജുലൈ 21 ന് തീയ്യതി നൽകിയത്. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജുലൈ 15 നാണ് രാഹുൽ ഗാന്ധിയുടെ സുപ്രീംകോടതിയെ സമീപിച്ചത്.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.
Post a Comment