Join News @ Iritty Whats App Group

ചന്ദ്രയാന്‍ 3 : ചരിത്രദൗത്യത്തില്‍ പങ്കാളികളായി കേരളത്തിലെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ


തിരുവനന്തപുരം: ചന്ദ്രയാൻ 3 യുടെ വിജയകരമായ വിക്ഷേപണത്തിൽ പങ്കാളികളായി കേരളത്തിലെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ. കെൽട്രോൺ, കെ.എം.എം.എൽ. (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്), എസ്.ഐ.എഫ്.എൽ. (സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡ്), തിരുവനന്തപുരം ആസ്ഥാനമായുള്ള കോർടാസ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിൽ നിർമിച്ച വിവിധ ഉത്പന്നങ്ങളാണ് ചന്ദ്രയാൻ ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ നിർണായക ഘടകങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് ലോഹമാണ് കെഎംഎംഎൽ നൽകിയത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ എസ്‌ഐഎഫ്എൽ, ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി. വേളിയിലെ വ്യാവസായിക വികസന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്റോസ്പേസ് നിർമ്മാണ കമ്പനിയായ കോർടാസ് ഇൻഡസ്ട്രീസ് ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾക്കായി നിരവധി ഉൽപന്നങ്ങൾ നൽകി.

ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

വിവിധ പദ്ധതികൾക്കുള്ള ഘടകങ്ങൾ നൽകുന്നതിനാൽ നാല് സ്ഥാപനങ്ങളും ഐഎസ്ആർഒയുമായി (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) ബന്ധപ്പെട്ടിരിക്കുന്നു. സ്‌പേസ് ഇലക്ട്രോണിക്‌സിൽ 30 വർഷത്തെ പരിചയമുണ്ട് കെൽട്രോണിന്. ഇത്തവണ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയതും കെൽട്രോണാണ്.

ഐഎസ്ആർഒയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി വിവിധ ഘടകങ്ങളുടെ അസംബ്ലിംഗ്, ഫാബ്രിക്കേഷൻ പ്രക്രിയകളുമായും കെൽട്രോൺ ദൗത്യത്തിന്റെ ഭാഗമായി. കരകുളത്തെ കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സ്, ബെംഗളൂരുവിലെ മാർക്കറ്റിംഗ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ആകെയുള്ള 300ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം കെൽട്രോൺ നൽകിയിട്ടുണ്ട്.

മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ സ്വപ്ന പദ്ധതിയായിരുന്നു കൊല്ലം ചവറയിലെ കെഎംഎംഎല്ലിന്റെ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ്. 2011 ലാണ് പ്ലാന്റ് കമ്മീഷൻ ചെയ്തത്. ചന്ദ്രയാൻ -2, ചന്ദ്രയാൻ -3 എന്നിവയ്ക്ക് ടൈറ്റാനിയം സ്പോഞ്ച് നൽകിയത് കെഎംഎംഎല്ലാണ്.

‘മഗ്‌നീഷ്യം വേർതിരിക്കുന്നതിനായി മഗ്‌നീഷ്യം ക്ലോറൈഡ് റീസൈക്കിൾ ചെയ്യുന്ന പ്രക്രിയയിലാണ് കെഎംഎംഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിക്രം സാരാഭായ് സ്പേസ് സെന്റർ, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി എന്നിവയ്ക്ക് പുറമേ, നാവികസേനയും ഇപ്പോൾ ഞങ്ങളുടെ ഉൽപന്നത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, ഒരു ‘കെഎംഎംഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

തൃശൂർ ആസ്ഥാനമായുള്ള എസ്‌ഐഎഫ്എൽ ചന്ദ്രയാൻ-3 ദൗത്യത്തിനായി വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. എൽവിഎം-3, വികാസ് എഞ്ചിൻ (ദ്രാവക ഇന്ധന റോക്കറ്റ് എഞ്ചിൻ), CE-20 ക്രയോജനിക് എഞ്ചിൻ (power the Cryogenic Upper Stage of the LVM3 launch vehicle) എന്നിവക്കായി തദ്ദേശീയമായി വിവിധ ഘടകങ്ങൾ എസ്‌ഐഎഫ്എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐഎസ്ആർഒയുടെ ഗംഗാൻയാൻ പദ്ധതിയിലും എസ്‌ഐഎഫ്എൽ ഭാഗമാകുന്നുണ്ട്. PSLV, GSLVMk-II, LVM3 തുടങ്ങിയ വിക്ഷേപണങ്ങൾക്കും മനുഷ്യ-ബഹിരാകാശ ദൗത്യങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട ഘടകങ്ങൾ കോർട്ടാസ് ഇൻഡസ്ട്രീസും വിതരണം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group