കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് സ്വർണമാല കവർന്നു. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി സംസാരിച്ചത്.
ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ചു. വീണുപോയ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും പൊട്ടിച്ച് ഓടി. മാലയുടെ ഒരുഭാഗം സ്ഥലത്തുണ്ട്. വെളള ഇരുചക്ര വാഹനത്തിൽ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്ന് നാട്ടുകാർ പറയുന്നു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി അന്വേഷണം.
Post a Comment