Join News @ Iritty Whats App Group

കോഴിക്കോട്ട് ഇരുപതോളം തുണിക്കടകളില്‍ റെയ്ഡ്, കണ്ടെത്തിയത് 27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ജി എസ് ടി ഇന്‍റലിജന്‍സ് വിഭാഗം


കോഴിക്കോട് : കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.

കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇരുപതോളം തുണികടകളിലാണ് ജി എസ് ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. ഇതിന് പിന്നാലെയാണ് അഷ്റഫ് അലിയുടെ ഉടമസ്ഥതയിലുള്ള മിഠായി തെരുവിലെ ലേഡീസ് വേള്‍ഡ് എന്ന കടയില്‍ പരിശോധനക്കെത്തിയത്. ഇവിടെ ഉദ്യോഗസ്ഥരെ തടയാന്‍ നീക്കവുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് ഇവര്‍ നികുതി നല്‍കിയിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കടകളുടെ ജി എസ് ടി രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നികുതിയിനത്തില്‍ 27 കോടി രൂപ അടക്കണമെന്ന് കാണിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കും. അതേ സമയം മിഠായി തെരുവില്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിശോധനയോട്
സഹകരിച്ചിട്ടുണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group