Join News @ Iritty Whats App Group

ഉദയഗിരിയില്‍ പന്നിപ്പനി; 25 ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും


കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ രണ്ടു ഫാമുകളില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മണക്കടവിലെ ബാബു പുതുപറമ്ബില്‍, താളിപ്പാറയിലെ സിബി പുത്തൻപുരയില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.

ഈ ഫാമിലേയും രോഗബാധിത മേഖലയിലുള്ള മറ്റ് 23 ഫാമുകളിലേയും മുഴുവൻ പന്നികളേയും അടിയന്തരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍ രോഗനിരീക്ഷണം ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിച്ച്‌ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളില്‍ നിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളേയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പോലീസുമായും ആര്‍ടിഒയുമായും ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് കര്‍ശന പരിശോധന നടത്തും. 

രോഗവിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യവകുപ്പും കെഎസ്‌ഇബി അധികൃതരും നല്‍കണം. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍, വില്ലേജ് ഓഫീസര്‍മാര്‍, റൂറല്‍ ഡയറി ഡെവലപ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം.

വെറ്ററിനറി ഓഫീസര്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണം. ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസിന്‍റെ നേതൃത്വത്തില്‍ ഫാമുക ളില്‍ ഫ്യുമിഗേഷൻ നടത്താനും കളക്ടര്‍ നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group