Join News @ Iritty Whats App Group

മുടി മുറിക്കാന്‍ പോയ 16-കാരനെ കാണാതായിട്ട് രണ്ടാഴ്ച; കാത്തിരുന്ന് കുടുംബം, ഇരുട്ടില്‍ തപ്പി പോലീസ്


കണ്ണൂര്‍: നൂറ് രൂപയും കയ്യില്‍ പിടിച്ച്‌ വീടിന് തൊട്ടടുത്തുള്ള കടയില്‍ മുടി മുറിക്കാൻ പോയതാണ് പതിനാറുകാരനായ മുഹമ്മദ് ഷെസിൻ.

ദിവസം15 കഴിഞ്ഞു, ഇത് വരെ അവൻ തിരിച്ച്‌ വന്നിട്ടില്ല. ഈ മാസം 16-ന് രാവിലെ 11 മണിയോടെയാണ് കുഞ്ഞിപ്പള്ളി ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടില്‍ നിന്ന് ഷെസിൻ മുടിമുറിക്കാൻ പോയത്. 

വീട്ടില്‍ നിന്ന് നടന്നാല്‍ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കാണ് ഷെസിൻ പോയത്. ഉച്ച കഴിഞ്ഞിട്ടും മകൻ തിരിച്ച്‌ വരാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്നിട്ടില്ല, മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ല. ഒന്നു വിളിച്ച്‌ നോക്കാൻ മകന്റെ കയ്യില്‍ ഫോണും ഇല്ല. അന്ന് വൈകുന്നേരം തന്നെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെസിനെ കണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല. 

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കൻഡറി പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷെസിൻ. പുതിയ സ്കൂളില്‍ ചേര്‍ന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അധികം കൂട്ടുകാരില്ല, വീട്ടില്‍ നിന്ന് ഇതിന് മുമ്ബ് പറയാതെ എങ്ങും പോയിട്ടില്ല. വീട്ടില്‍ നിന്ന് അധികം പുറത്ത് പോവുന്ന ശീലവും ഇല്ല. പിന്നെ മകന് എന്ത് സംഭവിച്ചുവെന്ന ആധിയില്‍ കഴിയുകയാണ് ഷെസിന്റെ കുടുംബം.

മകനെ കാണാതായ വിവരം അറിഞ്ഞ് നാട്ടില്‍ എത്തിയതാണ് പ്രവാസിയായ പിതാവ് നിസാര്‍. മകനെ കാണാതായതില്‍ പിന്നെ രാത്രി പോലും വീടിന്റെ ഗേറ്റ് അടക്കാറില്ലെന്ന് പറയുമ്ബോള്‍ പിതാവ് നിസാറിന്റെ ശബ്ദത്തില്‍ ഇടര്‍ച്ച. മകൻ രാത്രിയെങ്ങാനും കയറി വന്നാലോ എന്ന പ്രതീക്ഷയോടെയാണ് നിസാര്‍ കാത്തിരിക്കുന്നത്. 

ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന മകനെ നിനക്ക് മുടിയൊന്ന് വെട്ടിക്കൂടെ എന്ന് ചോദിച്ച്‌ പണം കൊടുത്ത് പറഞ്ഞുവിട്ടതാണ് ഷെസിന്റെ മാതാവ് ഷെസീറ. മകനെ കിട്ടിയോ എന്ന ഒരു ചോദ്യം മാത്രമേ ഷെസീറയ്ക്ക് ഇപ്പോള്‍ ചോദിക്കാനുള്ളൂ. ഇക്കാക്ക എവിടെ പോയി എന്ന് ഷെസിന്റെ സഹോദരിമാരായ ഫാത്തിമയും സഫയും ചോദിക്കുന്നുണ്ട്. കേക്ക് വാങ്ങാൻ പോയി ഇപ്പോള്‍ വരുമെന്ന് പറഞ്ഞു കുറേ ദിവസം. നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കും ഇപ്പോള്‍ തോന്നിതുടങ്ങി ഇക്കാക്കയെ കാണുന്നില്ലെന്ന്. ഇക്കാക്ക എന്താ വരാത്തത് എന്ന് വരും എന്നൊക്കെ അവര്‍ ഇപ്പോളും ചോദിക്കുന്നുണ്ട്. ഇടയ്ക്ക് കരയും. 

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്നുണ്ടെന്നും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group