മലപ്പുറം: പ്രമുഖ ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (കെ.എം വാസുദേവന്‍ നമ്പൂതിരി) അന്തരിച്ചു. 97 വയസ്സായിരുന്നു. നടുവട്ടത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം ഒന്നിന് എടപ്പാളിലെ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ 12.21നാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന്.
തിരുവേഗപ്പുറ വടക്കേപ്പാട്ട്മനയ്ക്കല്‍ മൃണാളിനിയാണ് ഭാര്യ. മക്കള്‍: അഡ്വ.പരമേശ്വരന്‍ ( കോഴിക്കോട്), വാസുദേവന്‍ (സംവിധായകന്‍). മരുമക്കള്‍: ഉമാദേവി (അധ്യാപിക, കേഴിക്കോട്), സരിത (കോളജ് അധ്യാപിക, ചാലക്കുടി).
പൊന്നാനി കരുവാട്ടു മനയ്ക്കല്‍ കെ.എം.പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1925 സെപ്റ്റംബര്‍ 13ന് ജനിച്ചു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ കെ.സി.എസ്.പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960ല്‍ മാതൃഭൂമിയില്‍ ചിത്രകാരനായി ചേര്‍ന്നു. ഒരുകാലത്ത് മലയാളം ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികള്‍ക്ക് നമ്പൂതിരിയുടെ വരകള്‍ സ്ഥിരം സാന്നിധ്യമായിരുന്നു. 1981 മുതല്‍ കലാകൗമുദിയിലും തുടര്‍ന്ന് മലയാളം വാരികയിലും ജോലി ചെയ്തു. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'നാണിയമ്മയും ലോകവും' എന്ന പേരിലുള്ള പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധമാണ്. തകഴിയുടെ 'ഏണിപ്പടികള്‍', എംടിയുടെ 'രണ്ടാമൂഴം', തിക്കോടിയന്റെ 'ചുവന്ന കടല്‍', വികെഎന്നിന്റെ 'പിതാമഹന്‍', കെ.സുരേന്ദ്രന്റെ 'ഗുരു', പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ 'സ്മാരകശിലകള്‍' എന്നീ നോവലുകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
2001 മുതല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ 'രേഖകള്‍' എന്നപേരില്‍ പുസ്തകമാക്കി. രേഖാചിത്രങ്ങള്‍, പെയിന്റിങ് എന്നിവയ്ക്കു പുറമേ ശില്‍പകലയിലും പ്രശസ്തനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ സ്വാധീനം. കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്‍പങ്ങളും ചെമ്പുഫലകങ്ങളില്‍ മഹാഭാരതവും രാമായണവും പുനരവതരിപ്പിച്ചുകൊണ്ടുള്ള പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടിയവയായിരുന്നു.
കൊല്ലത്ത് ടി.കെ.ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്ത 'റിലീഫ്' ശില്‍പം, വടകരയിലും കൊല്ലത്തുമുള്ള കോപ്പര്‍ മ്യൂറലുകള്‍, തിരുവനന്തപുരം ലാറ്റക്സ് ഭവനിലെ 'അമ്മയും കുഞ്ഞുങ്ങളും' എന്ന കോണ്‍ക്രീറ്റ് ശില്‍പം, എറണാകുളം ഹൈക്കോടതിയില്‍ തടിയില്‍ ചെയ്ത 'നീതി' ശില്‍പം എന്നിവ പ്രസിദ്ധങ്ങളാണ്.
വിഖ്യാത സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍ എന്നിവരോടൊപ്പം സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അരവിന്ദന്റെ 1974ല്‍ 'ഉത്തരായണം' സിനിമയുടെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രാജാ രവിവര്‍മ പുരസ്‌കാരം, ലളിതകലാ അക്കാദമി പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജിന്റെയും എറണാകുളം കേരള
കലാപീഠത്തിന്റെയും സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്.
Post a Comment