ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ ഓഫീസര്‍, നഴ്സ് ഗ്രേഡ്-II, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
8 മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), 5 മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), 2 മെഡിക്കല്‍ ഓഫീസര്‍ (നാച്യുര്‍ക്യുര്‍) 10 നഴ്സ് ഗ്രേഡ്-II, 10 ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, 40 ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഇതാദ്യമായാണ് ഭാരതീയ ചികിത്സാ വകുപ്പില്‍ അടുത്തകാലത്ത് ഇത്രയേറെ തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.
സര്‍ക്കാര്‍ ആയുഷ് മേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി. ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്തെ കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. 590 വനിത യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. വെല്‍നസ് കേന്ദ്രങ്ങളാക്കി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആയുര്‍വേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Post a Comment