സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും തെരഞ്ഞെടുത്ത നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും മാത്രമാണ് ഡഡ് അസറ്റ് റെസല്യൂഷനുള്ള ( dud asset resolutions) അധികാരം ലഭ്യമാക്കിയിരുന്നത്. ഇതേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
ഈയടുത്തായി ഭരണപരമായ സംവിധാനത്തിന്റെ അഭാവവും മറ്റ് പ്രതിസന്ധികളും സഹകരണ വായ്പാ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.അതേസമയം പ്രകൃതിക്ഷോഭത്തിനിരകളായ വായ്പാക്കാരുടെ അക്കൗണ്ടുകള്‍ പുനസംഘടിപ്പിക്കുന്നതിന് നിലവിലുള്ള മാനദണ്ഡം യുക്തിപരമായി ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. വായ്പാ ലക്ഷ്യങ്ങളില്‍ മറ്റ് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികളും ലഘൂകരിക്കേണ്ടതുണ്ട്.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി രണ്ട് വര്‍ഷം കൂടി നീട്ടിയിട്ടുണ്ട്. 2026 മാര്‍ച്ച് വരെയാണ് സമയം നീട്ടിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. 2023 മാര്‍ച്ച് 3ല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ വായ്പാ ദാതാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 1999ലെ ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം അംഗീകൃത വ്യക്തികള്‍ക്ക് നല്‍കിവരുന്ന ലൈസന്‍സിംഗ് പ്രക്രിയ കൂടുതല്‍ ലളിതമാക്കാനും കാര്യക്ഷമമമാക്കാനും തീരുമാനിച്ചതായി ആര്‍ബിഐ അറിയിച്ചു.
വിനോദസഞ്ചാരമുള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ക്ക് വിദേശ നാണ്യ സേവനങ്ങൾ എത്തിക്കുന്നതിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് ഈ തീരുമാനം എന്നും ആര്‍ബിഐ അറിയിച്ചു.ഒപ്പം ഭാരത് ബില്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളെപ്പറ്റിയും ആര്‍ബിഐ ചര്‍ച്ച ചെയ്തിരുന്നു.
Post a Comment