എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സി ടൈപ്പ് യുഎസ്ബി ചാർജർ ഇന്ത്യയിൽ ഉടൻ നിർബന്ധമാക്കുമെന്ന് റിപ്പോർട്ടുകൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച ശുപാർശ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാനൽ കമ്പനികൾക്ക് 2025 ജൂൺ വരെ സമയം നൽകിയിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാർജറുകൾ ചേർക്കാൻ 2024 ഡിസംബർ വരെയാണ് യൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) പറയുന്നത് അനുസരിച്ച്, ഒരു സ്റ്റാൻഡേർഡ് ടൈപ്പ്-സി ചാർജർ ഇ-മാലിന്യം കുറയ്ക്കാനും സുസ്ഥിര വികസനത്തിലേക്ക് നീങ്ങാനും ഇന്ത്യയെ സഹായിക്കും. ഓരോ ഉപഭോക്താവിനും ഒരു പുതിയ ഉപകരണം വാങ്ങുമ്പോഴെല്ലാം വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാൽ, ചാർജറുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും.
പല ഇലക്ട്രോണിക് ഉപകരണങ്ങൾക്കായും ഉപഭോക്താവിന് വ്യത്യസ്ത ചാർജറുകൾ വാങ്ങേണ്ടി വരുന്നതായും ഇത് അധിക ചെലവുകൾക്കും ഇ-മാലിന്യത്തിന്റെ വർദ്ധിക്കാനും കാരണമാകുന്നതായും 2023 ജനുവരിയിൽ ബിഐഎസ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ചു വരികയാണ്. മിക്കവാറും എല്ല് ആൻഡ്രോയിഡ് ഫോണുകൾക്കും ഇപ്പോൾ ടൈപ്പ്-സി യുഎസ്ബി ആണുള്ളത്. ആപ്പിൾ മാത്രമാണ് ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഉത്തരവ് പാലിക്കാൻ ആപ്പിൾ സമ്മതിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന ഐഫോൺ സീരീസിൽ ടൈപ്പ് സി യുഎസ്ബി ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.
Post a Comment