തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ കെ. സുധാകരനെ പ്രതിചേര്‍ത്തത് ഉന്നത ഗൂഡാലോചനയെന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ്. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായ യാകൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി. അഹമ്മദ്, സലീം എടത്തില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാംപ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസ്. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് അടക്കം ആദ്യം നല്‍കിയ പരാതിയില്‍ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഗൂഡാലോചന ഉണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അവര്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കും. അതേസമയം പരാതിയില്‍ സുധാകരനെ പ്രതിയാക്കാന്‍ കഴിയുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ചോദ്യം ചെയ്യലിനു നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ സുധാകരനു നോട്ടീസും നല്‍കി. അതേസമയം തന്നെ പ്രതിചേര്‍ത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരേ കെ.പി.സി.സി. അദ്ധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള വശങ്ങളെക്കുറിച്ച് നിയമ വിദഗ്ദധരുടെ ഉപദേശം തേടുകയും ചെയ്തിട്ടുണ്ട്. മോന്‍സന്റെ തട്ടിപ്പില്‍ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, പന്തീരങ്കാവ് സ്വദേശി എം.ടി. ഷെമീര്‍ ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിരുന്നു.
2018 നവംബര്‍ 22-നു കലൂരിലെ മോന്‍സന്റെ വീട്ടില്‍ സുധാകരനുള്ളപ്പോള്‍, മോന്‍സണ് 25 ലക്ഷം രൂപ കൈമാറിയെന്നാണു പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സുധാകരന്‍ മോന്‍സന്റെ കൈയില്‍നിന്നു 10 ലക്ഷം രൂപ വാങ്ങുന്നതു കണ്ടെന്ന ദൃക്‌സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റം ചുമത്തിയാണു ക്രൈംബ്രാഞ്ച് നടപടി. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയുമാണു സുധാകരന്‍ പണം വാങ്ങുന്നതു കണ്ടതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കേസിലെ മറ്റൊരു പരാതിക്കാരന്‍ തൃശൂര്‍ സ്വദേശി അനൂപ്, മോന്‍സണ് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിനു സുധാകരന്‍ ഇടനിലനിന്നെന്നാണു പരാതിയിലുള്ളത്.
അനൂപ് പോയശേഷം ഇതില്‍നിന്നു മോന്‍സണ്‍ സുധാകരനു 10 ലക്ഷം െകെമാറിയെന്നാണു ദൃക്‌സാക്ഷിമൊഴി. കെ. സുധാകരന്‍ എം.പിയെന്നാണു പരാതിയിലുള്ളതെങ്കിലും 2018-ല്‍ ആ സമയത്തു സുധാകരന്‍ എം.പിയായിരുന്നില്ല. സുധാകരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇരിക്കേയാണു സംഭവം. സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ 10 ദിവസം താമസിച്ച് സൗന്ദര്യവര്‍ധനയ്ക്കുള്ള കോസ്മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
പുരാവസ്തുവില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തികത്തട്ടിപ്പു നടത്തിയ കേസിലാണു മോന്‍സണ്‍ കുടുങ്ങിയത്. സുധാകരനും മോന്‍സണുമായി ബന്ധമാരോപിച്ചുള്ള ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍, മോന്‍സണുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നാണു സുധാകരന്‍ വ്യക്തമാക്കിയത്. നേത്രചികിത്സയുടെ ഭാഗമായി മോന്‍സന്റെ വീട്ടില്‍ അഞ്ചുതവണ പോയിട്ടുണ്ട്. എന്നാല്‍, ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിര്‍ത്തിയെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു.
Ads by Google
Post a Comment