Join News @ Iritty Whats App Group

കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും; വീട് നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം


കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും.

ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും. 

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും. റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group