കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.
സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.
രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.
കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
Post a Comment