Join News @ Iritty Whats App Group

സംസ്ഥാനത്തെ കോളേജുകളിൽ നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകർത്തെന്നാരോപിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍, സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താഹ അറിയിച്ചു.

അതേസമയം എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി കലിംഗ സര്‍വകലാശാല അധികൃതർ രംഗത്തെത്തി. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.

സര്‍വകലാശാല രേഖകളില്‍ ഇങ്ങനെയൊരു പേരില്ല.വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിഖിലിനെതിരെ നിയമ നടപടിയെടുക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ പറഞ്ഞു. അതേസമയം, വ്യാജ സ‌ട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ വാദങ്ങൾ തള്ളി കേരള സർവകലാശാല വിസി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group