മലപ്പുറം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്. തിരൂർ റെയിൽവേ സ്റ്റേഷൻ പി.കെ കൃഷ്ണദാസും സംഘവും സന്ദർശനം നടത്തിയതിന് പിന്നാലെയാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്. വാർത്താസമ്മേളനത്തിലാണ് തിരൂർ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരം അദ്ദേഹം പങ്കുവെച്ചത്.
തിരൂർ സ്റ്റേഷന്റെ പേര് മാറ്റം സംബന്ധിച്ച കാര്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്നും ശുപാർശ അംഗീകരിക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
അതേസമയം അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസനപ്രവർത്തനങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ അടുത്ത ജൂണിനുള്ളിൽ പൂർത്തിയാകുമെന്നാണ് സൂചന. 10 കോടി രൂപയുടെ വികസനമാണ് പദ്ധതി വഴി തിരൂരിൽ നടത്തുന്നത്. നിലവിൽ ഇവിടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്നു രണ്ടിലേക്കും മൂന്നിലേക്കുമുള്ള മേൽപാലത്തിന്റെ പണി പുനരാരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ പണിയും എസ്കലേറ്ററിന്റെ പണിയും ഉടൻ തുടങ്ങും.
റെയിൽവേ സ്റ്റേഷനിലെ പുതിയ കവാടത്തിൽ ടിക്കറ്റ് കൗണ്ടറിൽ സാധാരണ ടിക്കറ്റുകൾ ലഭിക്കുന്ന ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. യാത്രക്കാർക്ക് തനിയെ ടിക്കറ്റെടുക്കാൻ ഇതുവഴി സാധിക്കും. റെയിൽവേ സ്റ്റേഷനിൽ എസി കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രവർത്തനവും പുനരാരംഭിച്ചിട്ടുണ്ട്.
Post a Comment