കൊച്ചി: കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ട അബ്ദുൾ നാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കടുത്ത ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മദനിയെ അഡ്മിറ്റ് ചെയ്തത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനി ഇന്ന് കൊല്ലത്തേക്ക് പോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷമായിരിക്കും ഇനി യാത്ര തുടരുക.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി കേരളത്തിലെത്തിയത്. അച്ഛന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയത്. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന് തിരികെ ബെംഗളുരുവിലെത്തേണ്ടത്. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കി. തുടർന്ന് ആലുവയിൽ നിന്ന് കൊല്ലത്തേക്ക് യാത്ര പുറപ്പെട്ട അദ്ദേഹത്തിന് കടുത്ത ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മദനിയുടെ സുരക്ഷയ്ക്ക് 10 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് പേർ മദനിക്കൊപ്പം വിമാനത്തിലും മറ്റുള്ളവർ റോഡ് മാർഗവും കേരളത്തിലെത്തി. അച്ഛനെ കാണാനും അച്ഛനൊപ്പം കുറച്ചു ദിവസം ചിലവഴിക്കാനുമാണ് മദനി കേരളത്തിലെത്തിയത്. ഭാര്യയും മകനും അടക്കം അദ്ദേഹത്തോടൊപ്പമുണ്ട്.
Post a Comment