Join News @ Iritty Whats App Group

അരിക്കൊമ്പനെ സംബന്ധിച്ച് അഭ്യൂഹ പ്രചരണങ്ങള്‍ നടത്തരുത്: മന്ത്രി എ.കെ.ശശീന്ദ്രന്‍



തിരുവനന്തപുരം: അരിക്കൊമ്പനെ സംബന്ധിച്ച് ജനങ്ങളില്‍ ഉത്കണ്ഠയുണ്ടാക്കുന്ന തരത്തിലുള്ള അഭ്യൂഹ പ്രചരണങ്ങള്‍ നടത്തരുതെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവില്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലുള്ള അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്ക് കടക്കുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു.

കേരളാ വനം വകുപ്പും തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളില്‍ ഉത്കണ്ഠ പടര്‍ത്തുന്ന രീതിയിലുള്ള അഭ്യൂഹ പ്രചരണങ്ങള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

അതിനിടയിൽ അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്ന ഹർജി തമിഴ്നാട് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ആനയെ എവിടെ വിടണമെന്ന കാര്യത്തില്‍ തമിഴ്നാട് വനം വകുപ്പിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്ത് നിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന്റെ നടപടി. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group