Join News @ Iritty Whats App Group

വീണ്ടും ട്രെയിനിൽ തീയിടാൻ ശ്രമം; കോഴിക്കോട് ഇരുപതുകാരൻ പിടിയിൽ


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ തീയിടാൻ ശ്രമം. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിനാണ് തീയിടാന്‍ ശ്രമം നടന്നത്. തിങ്കളാഴ്ച 2.20ഓടെയാണ് സംഭവം. യാത്രക്കാരനായ പ്രതി കമ്പാര്‍ട്ട്‌മെന്റില്‍ ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

കൊയിലാണ്ടിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് സംഭവം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തീകത്തിക്കാൻ ശ്രമിച്ചതോടെ മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിച്ച് കൈമാറുകയുമായിരുന്നു. അപ്പോഴേക്കും ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലേക്ക് അടുത്തിരുന്നു. കോഴിക്കോട്ട് നിന്ന് കൂടുതൽ പൊലീസുകാർ ട്രെയിനിൽ കയറി യുവാവിനെ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നതെന്നാണ് വിവരം. കസ്റ്റഡിയിലായ ആൾ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നും സംശയമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നത് ഉൾപ്പടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട് നശിപ്പിച്ച സംഭവമുണ്ടായതിന് പിന്നാലെയാണ് സമാനമായ ആക്രമണശ്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group