കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതെന്നു സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് ട്രെയിനിൽ നിന്നിറങ്ങുന്പോൾ യുവതിയെടുത്ത ഫോട്ടോയാണു റെയിൽവേ പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.15 നായിരുന്നു സംഭവം. എടക്കാട് സ്റ്റേഷനിലാണു യുവാവ് ഇറങ്ങിയത്. വടകരയിൽനിന്നു ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണു ദുരനുഭവമുണ്ടായത്. വടകരയിൽനിന്നു കയറുന്പോൾ ഏതാനും സ്ത്രീകൾ കോച്ചിലുണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശേരി വിട്ടപ്പോൾ ഉണർന്നു.
പാന്റ്സും ഷർട്ടും ധരിച്ച ഒരു യുവാവ് കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നു പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. പിന്നീട് നഗ്നതാ പ്രദർശനം നടത്തി.
ബഹളംവച്ചപ്പോൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു കണ്ണൂർ റെയിൽവേ പോലീസ് നിർദേശിച്ചു. ഫോൺ: 9497981123, 0497 2705018.
ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ യാത്ര ചെയ്യുന്പോൾ മറ്റാരും കോച്ചിൽ ഇല്ലെങ്കിൽ സ്ത്രീകൾ ഉടനെ ജനറൽ കംപാർട്ട്മെന്റിലേക്കു മാറി യാത്ര ചെയ്യണമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
Post a Comment