Join News @ Iritty Whats App Group

അതിരൂപത ഭരണത്തില്‍ നിന്ന് കര്‍ദിനാള്‍ പിന്മാറുന്നു; സ്വതന്ത്ര ആര്‍ച്ച് ബിഷപ് വരും, വത്തിക്കാന്‍ പ്രതിനിധിയെത്തും



കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളുമായി സിറോ മലബാര്‍ സഭ പ്രതേയക സിനഡിന് സമാപനം. അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിവാകുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സിറോ മലബാര്‍ സഭാ അധ്യക്ഷന്റെ സ്ഥാനിക രൂപത എന്ന നിലയില്‍ എറണാകുളം അങ്കമായി അതിരൂപതയുടെ ഭരണത്തലവന്‍ ആയിരിക്കും. എന്നാല്‍ അതിരൂപതയുമായി ബന്ധപ്പെട്ട പല വിവാദങ്ങളെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറി നില്‍ക്കുന്ന കര്‍ദിനാള്‍ പൂര്‍ണ്ണമായും അധികാരം വിട്ടൊഴിയുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

അതിരൂപത ഭരണത്തിന് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയോഗിക്കാന്‍ വത്തിക്കാനോട് ശിപര്‍ശ ചെയ്യാനും സിനഡില്‍ തീരുമാനമായി. അതിരുപതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും പഠിക്കുന്നതിനും പരിഹാരം കണ്ടെത്താനും പേപ്പല്‍ ഡെലിഗേറ്റിനെ (വത്തിക്കാന്റെ പ്രതിനിധി) സിനഡ് ആവശ്യപ്പെടുന്നു.

അതിരൂപതയില്‍ സിനഡ് കുര്‍ബാന മാത്രമേ അംഗീകരിക്കുവെന്ന് കര്‍ദിനാള്‍ ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതിരൂപതെയ വിഭജിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ''സഭ ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഉത്തരവാദിത്വം വര്‍ദ്ധമാനമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍, എറണാകുളം-അങ്കമാലിപോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതലകൂടി മേജര്‍ ആര്‍ച്ചുബിഷപ്പു നിര്‍വഹിക്കുന്ന പതിവു തുടര്‍ന്നുപോകുന്നത് ശ്രമകരമായിരിക്കുമെന്നു സിനഡു വിലയിരുത്തുന്നു. എന്നാല്‍, നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ പുനഃക്രമീകരിക്കാനോ സിനഡ് ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ ആരെയും വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നാണു സിനഡുപിതാക്കന്മാര്‍ ആഗ്രഹിക്കുന്നത്. ഇതിനു സഹായകമായ ക്രമീകരണങ്ങള്‍ക്കായി ശ്ലൈഹികസിംഹാസനത്തോടു സിനഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
താത്കാലികമായ പ്രശ്‌നപരിഹാരം എന്നതിലുപരി, എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ വിഷയങ്ങള്‍ അതിരൂപതയുടെകൂടി നന്മയെ ലക്ഷ്യമാക്കി ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യകമായ ഒരു കര്‍മപദ്ധതിയാണു ശ്ലൈഹികസിംഹാസനത്തിന്റെ അനുമതിയോടെ നടപ്പിലാക്കാന്‍ സിനഡു പരിശ്രമിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളില്‍ മേല്പറഞ്ഞ മാറ്റങ്ങള്‍ വരുത്തുന്നതിനു ശ്ലൈഹികസിംഹാസനത്തിന്റെ അനുമതി ആവശ്യമാണ്. അതിനാലാണു കൃത്യമായ തീരുമാനങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയാത്തത്. ഏറെ വൈകാതെ നിലവിലുള്ള പ്രതിസന്ധികളെല്ലാം ശാശ്വതമായി പരിഹരിക്കാനാകും എന്ന ഉറച്ച പ്രത്യാശയാണു സിനഡിനുള്ളത്.''- സര്‍ക്കുലര്‍ പറയുന്നു.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറക്കാനും കുര്‍ബാന ഒഴികെയുള്ള ആരാധനകള്‍ നടത്താനും ധാരണയായെന്നും സര്‍ക്കുലറിലുണ്ട്. ബസിലിക്കയില്‍ സിനഡ് നിര്‍ദേശിക്കുന്ന കുര്‍ബാന മാത്രമേ അംഗീകരിക്കൂവെന്നും സര്‍ക്കുലര്‍ വ്യക്തമാക്കു.

മണിപ്പൂര്‍ സംഘര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ സിനഡ് ആശങ്കരേഖപ്പെടുത്തി. കേളത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും സിനഡ് സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം:-
*സിനഡനന്തര സർക്കുലർ*

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ.

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട് ജൂൺ മാസം 12 മുതൽ 16 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണു സിനഡുപിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർഥിച്ചതിനു ഹൃദയപൂർവ്വം നന്ദി പറയുന്നു.

*എറണാകുളം-അങ്കമാലി അതിരൂപത*

ഏകീകൃത വിശുദ്ധകുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണു പ്രധാനമായും ഈ സിനഡുസമ്മേളനം വിളിച്ചുചേർത്തത്. നമ്മുടെ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ ആർച്ചുബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയുമായി നിലവിലെ പ്രതിസന്ധികളെക്കുറിച്ചു വിശദമായ ചർച്ചകൾ നടത്തി. പ്രസ്തുത ചർച്ചയിൽ പ്രശ്നപരിഹാരം ലക്ഷ്യമാക്കി ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ വെളിച്ചത്തിലാണു സിനഡിലെ ചർച്ചകൾ നടത്തിയത്. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശൈ്ലഹികസിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഉദ്ബോധിപ്പിച്ചതുമായ ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നു സിനഡ് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. ഏതെങ്കിലും ഒരു രൂപതയിൽ ഇതു നടപ്പിലാക്കാൻ പ്രതിസന്ധി നേരിടുന്നു എന്നതു മേല്പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. സഭയിലെ മറ്റെല്ലാ രൂപതകളെയും കൂട്ടായ്മയിലേക്കു നയിച്ച തീരുമാനത്തിൽ മാറ്റംവരുത്തുന്നതു സഭയിൽ അരാജകത്വം സൃഷ്ടിക്കും. ഈ സത്യം മനസിലാക്കി വിയോജിപ്പുള്ളവരും കൂട്ടായ്മയിലേക്കു കടന്നുവരണമെന്നു സിനഡ് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. എല്ലാ പ്രതിസന്ധികളിലും കത്തോലിക്കാകൂട്ടായ്മയിൽ ഉറച്ചുനിന്ന നമ്മുടെ പൈതൃകം ചില നിക്ഷിപ്തതാല്പര്യങ്ങളുടെപേരിൽ ബലികൊടുക്കാൻ ഇടവരരുത്.

അഭിപ്രായാന്തരങ്ങൾ ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുമായി വിവിധ തലങ്ങളിൽ സിനഡിന്റെ പ്രതിനിധികൾ ചർച്ച നടത്തിയിട്ടുണ്ട്. ഈ ചർച്ചകൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിന് ആവശ്യകമായ സാഹചര്യങ്ങൾ ക്രമീകരിക്കണമെന്നു പരിശുദ്ധ പിതാവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചർച്ചകൾക്കൊപ്പം സഭാവിരുദ്ധനിലപാടുകളെ തിരുത്തുന്നതിനും സഭാത്മകമായ ഒരുമിച്ചുനടക്കലിന്റെ (synodality) ആവശ്യകത വിശദമാക്കുന്നതിനും സഹായകമായരീതിയിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പൽ ഡെലഗേറ്റിനെയാണു സിനഡ് അഭ്യർത്ഥിച്ചിട്ടുള്ളത്. സിനഡിന്റെ ഈ അഭ്യർത്ഥനയെ അനുഭാവപൂർവ്വം പരിഗണിക്കാമെന്നു പരിശുദ്ധ പിതാവ് ഉറപ്പുനൽകിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന എല്ലാ പ്രതിസന്ധികളും പുതിയ സംവിധാനത്തിലൂടെ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കാനാകുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

ദൈവകൃപയാൽ നമ്മുടെ സഭ ആഗോളതലത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വം വർദ്ധമാനമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ, എറണാകുളം-അങ്കമാലിപോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതലകൂടി മേജർ ആർച്ചുബിഷപ്പു നിർവഹിക്കുന്ന പതിവു തുടർന്നുപോകുന്നത് ശ്രമകരമായിരിക്കുമെന്നു സിനഡു വിലയിരുത്തുന്നു. എന്നാൽ, നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ സിനഡ് ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നാണു സിനഡുപിതാക്കന്മാർ ആഗ്രഹിക്കുന്നത്. ഇതിനു സഹായകമായ ക്രമീകരണങ്ങൾക്കായി ശൈ്ലഹികസിംഹാസനത്തോടു സിനഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.
താത്കാലികമായ പ്രശ്നപരിഹാരം എന്നതിലുപരി, എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സങ്കീർണമായ വിഷയങ്ങൾ അതിരൂപതയുടെകൂടി നന്മയെ ലക്ഷ്യമാക്കി ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യകമായ ഒരു കർമപദ്ധതിയാണു ശ്ലൈഹികസിംഹാസനത്തിന്റെ അനുമതിയോടെ നടപ്പിലാക്കാൻ സിനഡു പരിശ്രമിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളിൽ മേല്പറഞ്ഞ മാറ്റങ്ങൾ വരുത്തുന്നതിനു ശൈ്ലഹികസിംഹാസനത്തിന്റെ അനുമതി ആവശ്യമാണ്. അതിനാലാണു കൃത്യമായ തീരുമാനങ്ങൾ ഇപ്പോൾ പ്രഖ്യാപിക്കാൻ കഴിയാത്തത്. ഏറെ വൈകാതെ നിലവിലുള്ള പ്രതിസന്ധികളെല്ലാം ശാശ്വതമായി പരിഹരിക്കാനാകും എന്ന ഉറച്ച പ്രത്യാശയാണു സിനഡിനുള്ളത്.
ഇതിനായി സഭയൊന്നാകെ പ്രാർത്ഥിക്കണമെന്നു സ്നേഹപൂർവ്വം ആവശ്യപ്പെടുന്നു.

*എറണാകുളം ബസിലിക്ക*

മേജർ ആർച്ചുബിഷപ്പിന്റെ ആസ്ഥാനദൈവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുന്നതു സഭയുടെ മുഴുവൻ ദുഃഖമാണ്. ഏകീകൃത കുർബാനയർപ്പണരീതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം ക്രമസമാധാനപ്രശ്നമായി വളർന്നപ്പോഴാണ് ആദ്യം ജില്ലാഭരണകൂടവും പിന്നീടു പോലീസും മുൻകൈ എടുത്തു ബസിലിക്ക അടച്ചത്. പൊതുസമൂഹത്തിൽ സഭയുടെ പ്രതിച്ഛായ ഏറെ വികലമാക്കുന്ന പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ചു നടന്നതു നമ്മുടെ സഭയ്ക്കു തീരാകളങ്കമായി.

എറണാകുളം ബസിലിക്കാ ദൈവാലയം തുറക്കാനും വിശുദ്ധകുർബാനയൊഴികെയുള്ള ആത്മീയകർമങ്ങൾ അനുഷ്ഠിക്കാനും ധാരണയായിട്ടുണ്ട്. കത്തീഡ്രൽ ദൈവാലയം എന്ന നിലയിൽ ശൈ്ലഹികസിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം ഏകീകൃതരീതിയിലുള്ള വിശുദ്ധകുർബാനയർപ്പണമല്ലാതെ ജനാഭിമുഖകുർബാന അവിടെ അർപ്പിക്കില്ല എന്നു ബസിലിക്കാ വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദൈവാലയം തുറക്കുന്നത്. ഇതിനുവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻനിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ അവഗണിച്ചു, പരസ്പരവിശ്വാസവും സ്നേഹവുംവഴി സഭാഗാത്രത്തിലെ മുറിവുകൾ ഉണക്കാൻ എല്ലാവരും ബോധപൂർവം ശ്രമിക്കണം.

*മണിപ്പൂർ കലാപം*

ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ ഭാരതത്തിൽ വർദ്ധിച്ചുവരുന്നതു തികച്ചും ആശങ്കാജനകമാണ്. ഗോത്രസംഘർഷമായി ആരംഭിച്ച മണിപ്പൂർ കലാപം വർഗീയമായി ആളിക്കത്താൻ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അഗ്നിയണക്കാൻ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. വർഗീയകലാപമായിമാറിയ സംഘർഷത്തിൽ നൂറുക്കണക്കിനു മനുഷ്യജീവൻ പൊലിഞ്ഞിട്ടും അക്രമങ്ങൾ നിയന്ത്രിക്കാനോ വിധ്വംസകപ്രവർത്തകരെ നിലക്കുനിറുത്താനോ ഭരണകൂടത്തിനു കഴിയുന്നില്ല. മുന്നൂറോളം കൈ്രസ്തവ ദൈവാലയങ്ങൾ തകർക്കപ്പെട്ടിട്ടും ആയിരങ്ങൾ ഭവനരഹിതരായിട്ടും ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കാനോ കലാപകാരികളെ തള്ളിപറയാനോ ഭരണത്തിന്റെ തലപ്പത്തുള്ളവർ ഇനിയും തയ്യാറായിട്ടില്ല എന്നതു വേദനാജനകമാണ്.

ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും ന്യൂനപക്ഷങ്ങളെ ശ്വാസംമുട്ടിക്കാനുമായി നിയമങ്ങൾതന്നെ നിർമിക്കപ്പെടുന്നു എന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തിലും കൈ്രസ്തവവിദ്യാഭ്യാസസ്ഥാപനങ്ങൾ വർഗീയ ലക്ഷ്യങ്ങളോടെ ആക്രമിക്കപ്പെടുന്ന സാഹചര്യം വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്.

*കാർഷിക പ്രശ്നങ്ങൾ*

കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിവിധിക്കുശേഷവും കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടാതെ നില്ക്കുന്നു എന്ന സത്യം സംസ്ഥാനസർക്കാർ മനസ്സിലാക്കണം. കൃഷിഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളതു ദുഃഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലമുള്ള ജീവഹാനി സമീപകാലത്തു വളരെയേറെ വർദ്ധിച്ചിരിക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച കർഷകകുടുംബങ്ങളെ കടക്കെണിയിലും മുഴുപ്പട്ടിണിയിലുമാക്കിയിരിക്കുന്നു എന്ന സത്യം സർക്കാർ തിരിച്ചറിയണം. കാർഷികോല്പന്നങ്ങൾക്കു ന്യായമായ താങ്ങുവില പ്രഖ്യാപിക്കും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ മാത്രമായി ഒതുങ്ങിപോകുന്നില്ല എന്നു സർക്കാർ ഉറപ്പുവരുത്തണം. ഏറ്റെടുത്ത നെല്ലിന്റെ വിലകിട്ടാനായി സമരമുഖത്തായിരിക്കുന്ന നെൽകർഷകരുടെ പ്രശ്നങ്ങളിൽ സത്വരമായി ഇടപെടണമെന്നു സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അതിജീവനം അസാധ്യമെന്ന തിരിച്ചറിവിൽ യുവജനങ്ങളിൽ നല്ലൊരു പങ്കു നാടുവിട്ടുപോകാനിടയാകുന്ന സാഹചര്യം ഒരു സർക്കാരിനും ഭൂഷണമല്ലെന്നു മനസിലാക്കണം.
നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്കു നന്ദിപറയാം. ദൈവത്തിന്റെ അനുഗ്രഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ജൂൺ മാസം 16-ാം തീയതി നൽകപ്പെട്ടത്.

*കർദിനാൾ ജോർജ് ആലഞ്ചേരി*
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ്

ഇൗ സർക്കുലർ 2023 ജൂൺ 25-ാം തീയതി ഞായറാഴ്ച സീറോമലബാർസഭയിലെ എല്ലാ ഇടവകദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും മേജർ സെമിനാരികളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേ ണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group