Join News @ Iritty Whats App Group

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കമോ? വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി


വയനാട്: കോടതി ശിക്ഷിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചതായി വിവരം. കോഴിക്കോട് കളക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. ഇതിനായി കളക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടറാണ് ഇത്തരമൊരു നിർദേശം നൽകിയത്.

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ എട്ടു മുതൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ ആശ്വാസ കേന്ദ്രം ഗോഡൗണിൽ ആരംഭിക്കുകയാണെന്നും ഈ സമയത്തും മോക്ക് പോൾ പൂർത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂട്ടി കളക്ടറുടെ പേരിലുള്ള നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അയോഗ്യനാക്കപ്പെട്ട വിധിക്കെതിരെ രാഹുൽ ഗാന്ധി മേൽക്കോടതിയെ സമീപിച്ചെങ്കിലും അയോഗ്യത നീക്കാൻ കോടതി തയാറായിരുന്നില്ല. ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പഴ്സണൽ സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം കളക്ടറേറ്റിൽ ആരംഭിച്ചത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതു മുതൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി നടപടികൾ സ്വീകരിക്കുന്നത് ഇതാദ്യമാണ്.

2019 ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ടി സിദ്ദിഖിനെയാണ് വയനാട്ടിൽ ആദ്യം സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ, പിന്നീട് രാഹുൽ മത്സരിക്കാൻ വയനാട്ടിലേക്ക് എത്തുകയായിരുന്നു. നേതാവിനു വേണ്ടി വഴി മാറിയ സിദ്ദിഖ് വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൽപറ്റയിൽ നിന്ന് മത്സരിച്ച് പിന്നീട് നിയമസഭാംഗമായി. ദേശീയ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കേണ്ട എന്ന അഭിപ്രായമുണ്ടെങ്കിലും 2024 ലും അദ്ദേഹം വയനാട്ടിൽ തന്നെ മത്സരിക്കുമെന്നായിരുന്നു സൂചന. ഇതിനിടയിലാണ് കോടതിവിധി വന്നതും അയോഗ്യനാക്കപ്പെട്ടതും.

Post a Comment

Previous Post Next Post
Join Our Whats App Group