ന്യൂഡല്‍ഹി: ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട മകനെ പിതാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. മകന്റെ നെഞ്ചില്‍ അച്ഛന്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 23 വയസ്സുള്ള ആദിത്യ സിങ്ങിനാണ് കുത്തേറ്റത്. ഡല്‍ഹിയിലെ മധു വിഹാറിലാണ് സംഭവം.
എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തില്‍നിന്ന് സീനിയര്‍ മാനേജരായി 2019-ല്‍ വിരമിച്ച അശോക് സിങ്, ഗുര്‍ഗാവില്‍ പുതിയതായി ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡാവാന്‍ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. ഭാര്യയുമായി തര്‍ക്കിച്ചു.
കലഹം മൂത്തതോടെ മകന്‍ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചില്‍ കുത്തി. പരിക്കേറ്റ മകനെ ഡല്‍ഹിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം മകനെ ഡിസ്ചാര്‍ജ് ചെയ്തു.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറാണ് ആദിത്യ സിങ്.
Post a Comment