അഗ്നിബാധയുണ്ടായ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോറൻസിക് വിഭാഗം കണ്ടെടുത്തത് ലൈസൻസ് ഇല്ലാത്ത തോക്ക് . സംഭവത്തിൽ പരാതിക്കാരനായ കൊച്ചുതോവാള സ്വദേശി കൊടിത്തോപ്പിൽ സോണിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും പേർ ചേർന്ന് തന്‍റെ വീടിനു തീവെച്ചെന്ന പരാതി അന്വേഷിക്കാൻ ഫോറൻസിക് സംഘം എത്തിയപ്പോഴാണ് വീട്ടിൽ നിന്നും ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തത്.
മേയ് 15ന് ഇയാളുടെ വീടിന് തീപിടിച്ചിരുന്നു. തുടർന്ന് ഏതാനും പേർ ചേർന്ന് വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള പക തീർക്കാൻ മുൻ ഭാര്യയുടെ വീട്ടുകാരാണ് തീവെച്ചതെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇതോടെ മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പിന്നാലെ ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് എസ്.ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment