ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നല്ലൊരു സൂചകമാണ് മൂത്രം. ഭക്ഷണത്തിൽ ചില ധാതുക്കളുടെ അളവ് കൂടിയാൽ, അത് മൂത്രത്തിന്റെ നിറം, മണം, എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാക്കും.
നിർജലീകരണം, മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റിലും സ്ത്രീകളിൽ യോനിയിലും കണ്ടുവരുന്ന വീക്കം, ലൈംഗിക ബന്ധത്തിലൂടെ പടരുന്ന ഇൻഫെക്ഷനുകൾ, വൃക്കയിലെ കല്ല്, അളവിൽക്കവിഞ്ഞ ഭക്ഷണം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മൂത്രത്തിന്റെ നിറം മാറാം .
ഇതിനു കാരണമാകുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാൽ, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്‌നം സ്വയം പരിഹരിക്കാൻ കഴിയും.
1. ഉപ്പ് അടങ്ങിയ ഭക്ഷണം
പായ്ക്കറ്റിൽ വരുന്ന ചിപ്‌സ്, കാനിൽ വാങ്ങാൻ കിട്ടുന്ന ഭക്ഷണം, ഉണക്കിയ മാംസം എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ഭക്ഷണത്തിൽ ഉപ്പിൻ്റെ അളവ് കൂടുകയും, അതിനാവശ്യമായ വെള്ളം ശരീരത്തിൽ എത്താതിരിക്കുകയും ചെയ്യുമ്പോഴാണ് നിർജലീകരം സംഭവിക്കുന്നത്.
2. ഫ്രക്ടോസ് അമിതമായി അടങ്ങിയ കോൺ സിറപ്പ്
പായ്ക്കറ്റിൽ വരുന്ന ഭക്ഷണത്തിലും മധുരമുള്ള ലളിതപാനീയങ്ങളിലും മറ്റു മധുരപലഹാരങ്ങളിലുമെല്ലാം കൂടിയ അളവിൽ കാണപ്പെടുന്ന ഫ്രക്ടോസ്, അളവിൽക്കവിഞ്ഞ് ശരീരത്തിലെത്തിയാൽ യൂറിക് ആസിഡിന്റെ ഉത്പാദനത്തിൽ വർദ്ധനവുണ്ടാക്കും.
3. പാലുല്പന്നങ്ങൾ
പാലും പാലുല്പന്നങ്ങളും ഒരു പരിധിയിൽ കവിഞ്ഞ് ശരീരത്തിലെത്തിയാൽ, ഫോസ്ഫറസിൻ്റെ ഉത്പാദനം വർദ്ധിക്കും. ഇതും മൂത്രത്തിൽ നിറം മാറാൻ കാരണമാകും. വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരിൽ ഇത് കൂടുതലായിരിക്കും.
4. മാംസം
റെഡ് മീറ്റും വളർത്തുപക്ഷികളുടെ മാംസവും അധികമായി കഴിക്കുന്നത് ഫോസ്ഫറസിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഇതും ശരീരത്തിന് നല്ലതല്ല
5. കടലിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ
മത്തി, നത്തോലി, തോടുള്ള മത്സ്യങ്ങൾ എന്നിങ്ങനെ ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട സമുദ്രാഹാരത്തിൽ പ്യൂരിൻ്റെ അംശം വളരെക്കൂടുതലാണ്. ഇത് ശരീരത്തിലെത്തിയാൽ യൂറിക് ആസിഡായി മാറും. അതിനാൽ ഇവ അമിതമായി കഴിക്കന്നതും നല്ലതല്ല
6. മദ്യം
അമിതമായ അളവിൽ മദ്യം കഴിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. ഇത് മൂത്രത്തിൻ്റെ നിറത്തിലും മാറ്റം വരുത്തും.
7. കഫീൻ
കാപ്പി, ചായ, കട്ടൻ ചായ, ഗ്രീൻ ടീ എന്നിങ്ങനെ കഫീൻ അടങ്ങിയ പാനീയങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കും. അത് നിർജലീകരണമുണ്ടാക്കും.
മേൽപ്പറഞ്ഞിട്ടുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാം മിതമായ അളവിൽ കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ, അളവ് ക്രമീകരിച്ചു നിർത്താനും ആവശ്യമായത്ര വെള്ളം കുടിക്കാനും ശ്രദ്ധിക്കുന്നതിലാണ് കാര്യം. മൂത്രത്തിനൊപ്പം പഴുപ്പ്, മറ്റു സ്രവങ്ങൾ എന്നിവ വരികയും വേദന, പനി എന്നിവ അനുഭവപ്പെടുകയും ചെയ്താലോ, ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടുക.
Post a Comment