Join News @ Iritty Whats App Group

സമയത്ത് പൊറോട്ട നൽകിയില്ല; തട്ടുകടയുടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച അക്രമികള്‍ പിടിയില്‍


തിരുവനന്തപുരം: തട്ടുകടയിൽ സമയത്ത് പൊറോട്ട നൽകിയില്ലെന്ന് പറഞ്ഞ് ഉടമയായ സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴിൽ കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന ഏകൂസ് തട്ടുകടയിൽ എത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയിൽ കഴിക്കാൻ ഇരുന്നവർക്ക് വിളമ്പിയതിനാല്‍ ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല.

ഉടൻ തയ്യാറാക്കി തരാമെന്ന് പറഞ്ഞെങ്കിലും പ്രതികൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രകോപിതരായ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ 65-കാരി ഓമനയുടെ ദേഹത്തേക്ക് ഒഴിച്ചു. ഇത് കണ്ടുനിന്ന ഓമനയുടെ ബന്ധുവായ ദീപു പ്രതികളെ തള്ളി മാറ്റുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ കടയ്ക്കുള്ളിലേക്ക് തള്ളിമാറ്റി ഷട്ടർ ഇട്ടു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഓമനയെ ഉടൻതന്നെ ആംബുലൻസില്‍ മെഡിക്കൽ കോളേജിൽ എത്തിച്ചു.

മറ്റു ചില അസുഖങ്ങളും ഉള്ള ഓമനയുടെ മരുന്നുകൾ എടുക്കാനായി ദീപു മെഡിക്കൽ കോളേജിൽ നിന്നും തിരികെ കുറക്കടയിലുള്ള തട്ടുകടയിലെത്തി. ഈ സമയം വീണ്ടും ഒരു ഓട്ടോറിക്ഷയിൽ അവിടെ എത്തിയ പ്രതികൾ ദീപുവിനെ മാരകമായി മർദ്ദിക്കുകയും ദീപുവിന്റെ ഇരുചക്രവാഹനവും കടയും അടിച്ചു നശിപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി അടുത്തുള്ള കടയിൽ ഓടികയറിയ ദീപുവിനെ അവിടെ വച്ചും മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്തുള്ള ആ കടയും അക്രമികൾ നശിപ്പിച്ചു.

സംഭവമറിഞ്ഞ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചിറയിൻകീഴ് എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെടുത്തു.

കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിൽ ആയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. പ്രതികളിലൊരാളായ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത് 17 ഓളം കേസുകളില്‍ പ്രതിയാണ്. പത്ത് ദിവസം മുന്‍പാണ് ഇയാൾ കാപ്പ നിയമം പ്രകാരമുള്ള ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. അപ്പു എന്ന് വിളിക്കുന്ന അനീഷിന് 19 കേസും, മാരി എന്ന് വിളിക്കുന്ന വിനോദിന് മൂന്നു കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group