Join News @ Iritty Whats App Group

പുതിയ ബാഗും പുസ്തകങ്ങളും തയ്യാറാക്കി, പക്ഷെ സ്കൂളിലേക്ക് പോകാൻ സഞ്ജയ് ഇല്ല; പനി ബാധിച്ച് മരണം


കൊല്ലം: പനിബാധിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ സഞ്ജയ് ആണ് മരിച്ചത്. പത്ത് വയസായിരുന്നു. ആനക്കോട്ടൂർ സന്തോഷ് ഭവനത്തിൽ സന്തോഷിന്റെയും പ്രീതയുടെയും മകനായിരുന്നു. ഇന്ന് സ്കൂളിലേക്ക് പോകാൻ പുതിയ ബാഗും പുസ്തകങ്ങളും ചെരുപ്പും വസ്ത്രവും പാത്രവുമെല്ലാം വാങ്ങി വെച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി പനി മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. 

ഇന്നലെ മുതൽ കുട്ടി പനി ബാധിച്ച് അവശനായിരുന്നു. എന്നാൽ അച്ഛൻ സന്തോഷ് ജോലിക്ക് പോയതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. കുട്ടിയുടെ അമ്മ പ്രീത സന്തോഷിനെ വിളിച്ച് കുഞ്ഞിന് പനിയാണെന്ന് അറിയിച്ചിരുന്നു. സന്തോഷ് കുട്ടിക്ക് കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രീത ഇതൊക്കെ നൽകിയെങ്കിലും കഴിച്ചതെല്ലാം കുട്ടി ഛർദ്ദിച്ചു. തുടർച്ചയായി ഛർദ്ദിച്ച് കുട്ടി അവശ നിലയിലായി.

വൈകീട്ട് സന്തോഷെത്തിയ ശേഷം കുട്ടിയെ ഓട്ടോറിക്ഷ വിളിച്ച് പ്രീതയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് വീട്ടുകാർ ആവശ്യപ്പെട്ട പ്രകാരമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് കുട്ടി സംസാരിക്കുന്നുണ്ടായിരുന്നില്ല എന്നാണ് സന്തോഷ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പനി ബാധിച്ചാണോ കുട്ടിയുടെ മരണം എന്നതിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിനിടെ പത്തനംതിട്ടക്കടുത്ത് റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസ് ഇന്ന് രാവിലെയാണ് അപകടത്തിൽപെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ സമയത്താണ് അപകടം നടന്നത്. ഈ സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നെങ്കിലും ഡ്രൈവറടക്കം എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Post a Comment

Previous Post Next Post
Join Our Whats App Group