Join News @ Iritty Whats App Group

പരിയാരം മെഡിക്കല്‍ കോളജ് പരിയാരം പഞ്ചായത്തിലല്ല;മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ദിവസവും പരിയാരം പഞ്ചായത്ത് ഓഫിസിലെത്തുന്നവര്‍ നിരവധിയാണ്


പയ്യന്നൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ദിവസവും പരിയാരം പഞ്ചായത്ത് ഓഫിസിലെത്തുന്നവര്‍ നിരവധിയാണ്.

ചുടലയില്‍ ഇറങ്ങി പൊയിലിലെ ഓഫിസിലെത്തിയ ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ് പോകേണ്ടതെന്നറിയുക. വീണ്ടും കാതങ്ങള്‍ താണ്ടി പിലാത്തറ വഴി ചന്തപ്പുരയിലെത്തേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍. 

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ പേരാണ് നാട്ടുകാരെ വട്ടം കറക്കുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ പേര് പരിയാരം മെഡിക്കല്‍ കോളജ് എന്നാണ് അറിയപ്പെടുന്നത്. പഴയ ടി.ബി സാനട്ടോറിയത്തിന്റെ തുടര്‍ച്ചയായാണ് മെഡിക്കല്‍ കോളജിനും പരിയാരത്തിന്റെ പേര് ലഭിച്ചത്.

എന്നാല്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജിലാണെന്ന യാഥാര്‍ഥ്യം ദൂരെ നിന്ന് വരുന്ന പലര്‍ക്കും അറിയില്ല. 

സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സാമുവേല്‍ ആ റോണ്‍ ദാനം ചെയ്ത കടന്നപ്പളളി വില്ലേജിലെ 300 എക്കറോളം വരുന്ന വസ്തുവിലാണ് ടി.ബി സാനറ്റോറിയം സ്ഥാപിതമായത്. 1995ല്‍ മേല്‍ സ്ഥലത്ത് സഹകരണ മെഡിക്കല്‍ കോളജ് വന്നതോടു കൂടി ടി.ബി സാനറ്റോറിയം ഇല്ലാതായി.

എന്നാല്‍ പരിയാരം മാത്രം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് നിന്നു. അതിന് ശേഷം ഇവിടെ തന്നെ ആയുര്‍വേദകോളജ്, പൊലീസ് സ്റ്റേഷൻ, കെ.എസ് ഇ. ബി. സബ് സ്റ്റേഷൻ, ബി.എസ്.എൻ.എല്‍ ഓഫിസ്, പോസ്റ്റാഫിസ്, മെഡി കോളജ് പബ്ലിക് സ്കൂള്‍ എന്നീ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനമായ ഔഷധി എന്നിവയും പ്രവര്‍ത്തിച്ചു വന്നു. ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും അറിയപ്പെടുന്നത് പരിയാരത്തിന്റ മേല്‍ വിലാസത്തിലാണ്.

ഇതേ സ്ഥലത്തണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ല റൂറല്‍ പൊലീസ് ആസ്ഥാനമൊരുങ്ങുന്നത്. അതിന് വേണ്ട സ്ഥലം കടന്നപ്പള്ളി വില്ലേജ് ഓഫിസര്‍ അളന്ന് തിട്ടപ്പെടുത്തി കൊടുത്തു കഴിഞ്ഞു. ഇതും ഭാവിയില്‍ പരിയാരത്തിന്റെ വിലാസത്തിലായിരിക്കും അറിയപ്പെടുക. മാത്രമല്ല, പരിയാരത്തിന്റെ അതിര്‍ത്തി പോലും പങ്കിടാത്ത ഗവ. ആയുര്‍വേദ കോളജും അറിയപ്പെടുന്നത് പരിയാരത്തിന്റെ പേരില്‍ തന്നെ. 


ഈ സ്ഥാപനങ്ങളില്‍ ഒന്നു പോലും പരിയാരത്തിന്റെ പരിധിയില്‍ വരുന്നില്ല. മാത്രമല്ല, പരിയാരം പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന തളിപ്പറമ്ബ് താലൂക്കില്‍ പോലുമല്ല ഈ സ്ഥാപനങ്ങള്‍. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പയ്യന്നൂര്‍ താലൂക്കിന്റെ പരിധിയിലാണ്. കടന്നപ്പള്ളിയുടെ ഒരതിര്‍ത്തി ഗ്രാമം മാത്രമാണ് പരിയാരവും ചെറുതാഴവും. എന്നാല്‍ സ്ഥാപനങ്ങളെല്ലാം അറിയപ്പെടുന്നത് പരിയാരത്തിന്റെ പേരിലും. 


ഇതാണ് നാട്ടുകാരെ വട്ടം കറക്കുന്നത്. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. റിട്ട. എജീസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ പി.പി. ചന്തുക്കുട്ടി നമ്ബ്യാരുടെ വിഷയം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്ഥാപനങ്ങളെ കടന്നപ്പള്ളിയുടെ പേരില്‍ വിളിക്കുന്നില്ലെങ്കിലും പരിയാരം എന്നു പറഞ്ഞ് കബളിപ്പിക്കരുതെന്ന അഭിപ്രായം ശക്തമാണ്. വിഷയം സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനുള്ളള ശ്രമത്തിലാണ് കടന്നപ്പള്ളിക്കാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group