തൃശൂര്‍: ജയിൽ ഉദ്യോഗസ്ഥനെ മർദിച്ചതിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി. വിയ്യൂരിലെതന്നെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റിയത്. കാപ്പചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ട തടവുകാരനാണ് ആകാശ് തില്ലങ്കേരി.
ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു അസി. ജയിലറെ ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കാപ്പ ചുമത്തപ്പെട്ട 130 ഗുണ്ടകളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആകാശിനെതിരെ കാപ്പ ചുമത്തിയത്.
Post a Comment