ബംഗളൂരു: ഗോവധ നിരോധന നിയമത്തിലെ കർശന വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവരാൻ സിദ്ധരാമയ്യ സർക്കാർ. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാറ്റങ്ങൾ ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് വ്യക്തമാക്കി. കാളകളെ അറവ് ശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ എന്തുകൊണ്ട് പ്രായാധിക്യം വന്ന പശുക്കളെ കൊന്നുകൂടാ എന്നും മന്ത്രി ചോദിക്കുന്നു. ഒരു പ്രായം കഴിഞ്ഞ പശുക്കളെ ഒഴിവാക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. പ്രായാധിക്യം വന്നോ അസുഖം വന്നോ ചത്തതിനെ കുഴിച്ചിടാൻ പോലും പല കർഷകർക്കും ബുദ്ധിമുട്ടാണ്. ഇവ ചത്തതെങ്ങനെ എന്ന് കൃത്യമായി വ്യക്തമാക്കിയില്ലെങ്കിൽ അറസ്റ്റുൾപ്പടെ നിയമത്തിന്‍റെ നൂലാമാലകൾ ഭയക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി മൈസുരുവിൽ വ്യക്തമാക്കി.
2020-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധനിരോധന നിയമഭേദഗതിയിൽ പശുക്കളെ കൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റിയിരുന്നു. പശുവിനെ കൊല്ലുകയോ പശുവിറച്ചി സൂക്ഷിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാൻ പൊലീസിന് വാറന്‍റില്ലാതെ പരിശോധനയ്ക്ക് ഭേദഗതിയിൽ അനുമതിയുണ്ട്. അങ്ങനെ കണ്ടെത്തിയാൽ തടവുശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയുമുൾപ്പടെ ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്താനും ഈ ഭേദഗതി അനുമതി നൽകുന്നു
Post a Comment