കോഴിക്കോട്: മലബാറിൽ ഹയർ സെക്കൻഡറി സീറ്റ് വർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ കൈവിലങ്ങു അണിയിച്ചു കൊണ്ടുപോയ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ എം എസ് എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കൺവീനർ ടി ടി അഫ്രിൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി റ്റി സി ഫസീഹ് എന്നിവരെയാണ് പോലീസ് കൈവിലങ് അണിയിച്ചു കൊണ്ടുപോയത്.
അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്കും പിന്നീട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയാണ് കൈവിലങ് അണിയിച്ചത്. പ്രതികളെ കൈവിലങ് അണിയിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട്. അക്രമ സ്വഭാവമുള്ളവരെയും പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സാധ്യതയുള്ളവരെയും ആണ് വിലങ്ങണിയിക്കാൻ കോടതി നിർദ്ദേശം ഉള്ളത്.
‘രണ്ട് വിദ്യാർത്ഥി നേതാക്കളെയാണ് കയ്യാമം വെച്ച് പോലീസ് കൊണ്ടു പോവുന്നത്. അവർ പരീക്ഷ എഴുതാതെ പാസായവരല്ല, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ നോക്കിയവരല്ല, പിൻവാതിൽ വഴി ജോലിയിൽ കേറിയവരല്ല. കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരാണ്’, പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതികളായ കെ വിദ്യ, നിഖിൽ തോമസ് എന്നിവരെ കൈവിലങ്ങില്ലാതെയാണ് പോലീസ് കൊണ്ടുപോയതെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി. എം കെ മുനീർ എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് എന്നിവർ പ്രതിഷേധം അറിയിച്ചു
കൈവിലിങ്ങ് അണിയിച്ച് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ചിത്രവും മുതിർന്ന നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സംഭവത്തിൽ പോലീസിനെതിരെ പരാതി നൽകുമെന്ന് പി കെ നവാസ് പറഞ്ഞു. ജൂലൈ 3 മുതൽ മലബാർ ജില്ലകളിൽ അനിശ്ചിതകാല ഉപരോധം സംഘടിപ്പിക്കാനും എം എസ് എഫ് തീരുമാനിച്ചു.
Post a Comment