Join News @ Iritty Whats App Group

വീട്ടിൽ പാർപ്പിച്ച കാമുകിയെ തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ


തൃശൂർ: വീട്ടിൽ കൊണ്ടുവന്നു പാർപ്പിച്ച കാമുകിയെ തിളച്ച വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ കുതിര പ്രവി എന്ന പ്രവീഷിനെ അന്തിക്കാട് പോലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

ഭാര്യയും മൂന്നു മക്കളും ഉള്ളയാളാണ് ചാഴൂർ പാറക്കുളം സ്വദേശിയും പെയിന്റ് പണിക്കാരനുമായ പ്രതി കൊട്ടേക്കാട്ടിൽ വീട്ടിൽ പ്രവിഷ് (36). ഭർത്താവ് മരിച്ച് ഒരു കുട്ടിയുമുള്ള മതിലകം സ്വദേശിയായ കാമുകിയെ രണ്ടാഴ്ച മുൻപ് പ്രവീഷ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി കാമുകിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ഉറയോട് കൂടിയ വടിവാൾ കൊണ്ട് പ്രതി കാമുകിയുടെ തലയിലും കൈക്കും വയറ്റിലും ആഞ്ഞടിച്ച് അവശനിലയിലാക്കി.

തുടർന്ന് അടുക്കളയിൽ നിന്ന് തിളച്ച വെള്ളം എടുത്ത് കൊണ്ട് വന്ന് ശരീരത്തിലേക്ക് ഒഴിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ശരീരമാകെ പൊള്ളിയ നിലയിൽ നിലവിളിച്ചു കൊണ്ട് അയൽ വീടുകളിലേക്ക് ഓടിയ സ്ത്രീയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ശരീരത്തിൽ 18 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സ്റ്റേഷൻ റൗഡി കൂടിയായ പ്രതിക്കെതിരെ അന്തിക്കാട് സ്റ്റേഷനിൽ നാലു കേസുകൾ വേറെ ഉള്ളതായി പോലീസ് പറഞ്ഞു.

വേറൊരാളുമായി അവിഹിതം ആരോപിച്ചാണ് പ്രതിയായ കാമുകൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. പ്രതിക്കെതിരെ പോലീസ് വധ ശ്രമത്തിനു കേസെടുത്തു. അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ സി. ഐശ്വര്യ, സിപിഓ മാരായ അനു, കമൽ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group