പാലക്കാട്: താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നൽകണമെന്നും വ്യാജ രേഖാ കേസ് പ്രതി കെ വിദ്യ കോടതിയിൽ. മണ്ണാർക്കാട് കോടതിയിൽ ജാമ്യാപേക്ഷയിലാണ് ഈ കാര്യങ്ങൾ വിദ്യ പറഞ്ഞത്. വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്നും മഹാരാജാസ് കോളേജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയാണ് താൻ വിജയിച്ചതെന്നും വിദ്യ കോടതിയിൽ പറഞ്ഞു. എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചുവെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഈ വ്യാജരേഖ കേസ് വന്നപ്പോൾ നശിപ്പിച്ചുവെന്നും മൊഴിയുണ്ട്. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു.
കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയെന്നും ബോധപൂർവം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. സർട്ടിഫിക്കറ്റിൻ്റെ ഒറിജനൽ അന്യായക്കാരിയുടെ കയ്യിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെ ഉണ്ടാക്കി, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സീൽ കണ്ടെത്തിയോ എന്ന് കോടതി ചോദിച്ചപ്പോൾ സീൽ ഓൺലൈൻ ആയാണ് ഉണ്ടാക്കിയതെന്നും അതുകൊണ്ട് സീൽ കണ്ടത്താൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പൊലീസ് കസ്റ്റഡിൽ ബുദ്ധിമുട്ട് ഇല്ലായിരുന്നു, അറസ്റ്റ് സകല മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു, അരോഗ്യ സ്ഥിതി മോശമാണ്, മഹാരാജാസിൽ പിജിക്ക് റാങ്കോടെയാണ് ജയിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും വിദ്യ പറഞ്ഞു. കേസിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് പോലും നൽകിയില്ല. എന്തിന് അറസ്റ്റ് ചെയ്യുന്നുവെന്ന് കൃത്യമായി പറഞ്ഞില്ലെന്നും അവർ കുറ്റപ്പെടുത്തി.
നോട്ടീസ് നൽകാൻ വിദ്യ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു ഇതിന് പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. എന്ത് കണ്ടെത്താനാണ് അറസ്റ്റ് എന്ന് വ്യക്തമാക്കിയില്ലെന്നും വിദ്യ കുറ്റപ്പെടുത്തി. ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കേസിൽ സുപ്രീം കോടതി നിർദ്ദേശം പൊലീസ് പാലിച്ചില്ല. ഏഴ് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കേസിൽ ഇത്ര ആക്രമണോത്സുകത കാട്ടേണ്ട ആവശ്യമുണ്ടായില്ല. അർണേശ് കുമാർ കേസിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.
ആവശ്യമായവ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിലെ സാക്ഷികളായ പ്രിൻസിപ്പൽമാരെ എങ്ങനെയാണ് 27 വയസുള്ള വിദ്യ സ്വാധീനിക്കുക? ജാമ്യത്തിന് ഏത് ഉപാധിക്കും തയ്യാറാണ്. ഇനി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടരുത്. സാക്ഷികളുള്ള ജില്ലയിൽ പോകാതിരിക്കുക പോലും ചെയ്യാം. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ചെറുപ്പക്കാരിയും റാങ്ക് ഹോൾഡറുമായ പ്രതിക് കഴിയില്ല. ഇനി സാക്ഷികളെ കണ്ടെത്താനോ, റിക്കവറികളോ ഒന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് ജാമ്യം നൽകാതിരിക്കരുതെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
തങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പൂർണമായി സഹകരിക്കും. റിക്കവറിക്ക് വേണ്ടി വീണ്ടും കസ്റ്റഡിയിൽ വിടരുത്. പാസ്പോർട്ട് ഹാജരാക്കാം. ഒളിവിൽ പോകില്ല. നിയമം ലംഘിച്ച് വിദേശത്ത് പോകാനാവുന്ന ആളല്ല താനെന്നും വിദ്യക്ക് വേണ്ടി അഭിഭാഷകൻ പറഞ്ഞു. വ്യാജരേഖയുടെ അസ്സൽ കണ്ടെത്തിയില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. തന്നെ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുക്കരുതെന്നായിരുന്നു വിദ്യയുടെ മറ്റൊരു വാദം.
Post a Comment