Join News @ Iritty Whats App Group

സിപിഎം എംപിക്കെതിരായ പരാമര്‍ശം, തമിഴ്നാട് ബിജെപി സെക്രട്ടറി അറസ്റ്റില്‍




ചെന്നൈ: തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തു. മധുര ജില്ലാ സൈബര്‍ പൊലീസാണ് എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് സൂര്യ സിപിഐഎം എം പിയായ വെങ്കിടേശനെതിരെ പ്രസ്താവന പുറത്തിറക്കിയത്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ് ജി സൂര്യ ആരോപിച്ചിരുന്നു.

എംപിക്ക് എഴുതിയ കത്തില്‍ സൂര്യ ഈ സംഭവത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐഎം സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഗൂഡല്ലൂരില്‍ നടന്ന സംഭവത്തെ മധുരയില്‍ നടന്നതായി തെറ്റിധരിപ്പിക്കുന്ന പരാമര്‍ശം നടത്തിയെന്നായിരുന്നു സിപിഎം പരാതി. സിപിഐഎം നേതാവിനെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സിപിഎം പരാതിപ്പെട്ടിരുന്നു. ഈ കേസിലാണ് എസ് ജി സൂര്യയെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അറസ്റ്റിനെ അപലപിക്കുന്നുവെന്നും കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുകയാണ് എസ് ജി സൂര്യ ചെയ്തതെന്നും തമിഴ്നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈ ആരോപിച്ചു. ഈ അറസ്റ്റ് തങ്ങളെ തളര്‍ത്തില്ലന്നും വീണ്ടും ശക്തമായ പ്രവര്‍ത്തനം തുടരുമെന്നും അണ്ണാമലൈ ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group