വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ – ടിവി ഉപയോഗം അപകടകരമാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് മഹാരാഷ്ട്രയിലെ സങ്‌ലിയിലുള്ള മൊഹിതെ വഡ്ഗാവ് ഗ്രാമം. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സമയം നിശ്ചയിക്കാനും മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനുമായി, ഗ്രാമത്തിലെ എല്ലാ വീടുകളിലും ദിവസവും വൈകിട്ട് ഒന്നര മണിക്കൂർ നേരം ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തന രഹിതമായിരിക്കും. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവും അറിവും വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ ശീലം ഒരു വർഷമായി വഗ്ഡാവിൽ തുടരുകയാണ്.
പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കാനും ഈ പതിവ് ഗ്രാമത്തിലെ വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നുണ്ട്. മൊബൈൽ ഫോണിൽ മുഴുകിയും ടിവിയ്ക്കു മുന്നിൽ ചെലവഴിച്ചും നഷ്ടപ്പെടുന്ന സമയം കുട്ടികളുടെ ആരോഗ്യത്തിനും പഠന ശേഷിയ്ക്കും വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് ഗ്രാമീണർ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ എല്ലാ ദിവസവും വൈകിട്ട് ഒന്നര മണിക്കൂർ വഡ്ഗാവിലെ കുട്ടികളും സ്ത്രീകളുമെല്ലാം പുസ്തകങ്ങൾക്കൊപ്പമാണ് ചെലവഴിക്കുന്നത്.
സാങ്‌ലി ജില്ലയിലെ കഡേഗാവ് താലൂക്കിലാണ് മൊഹിതെ വഡ്ഗാവ് ഗ്രാമം. 3150 പേരാണ് ഈ ഗ്രാമത്തിലുള്ളത്. കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ, കുട്ടികളുടെ വിദ്യാഭ്യാസം കാര്യമായി ബാധിക്കപ്പെട്ടിരുന്നു. ബഹുഭൂരിഭാഗം കുട്ടികൾക്കും പഠനം തുടരാൻ കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 14ന് ഗ്രാമത്തിലെ സർപഞ്ച് ആയ വിജയ് മൊഹിതെ ഗ്രാമത്തിലെ സ്ത്രീകളുടെ യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായം കണക്കിലെടുത്താണ് ദിവസവും ഒന്നര മണിക്കൂർ നേരം പഠനത്തിനു മാത്രമായി മാറ്റിവയ്ക്കണം എന്ന തീരുമാനമെടുത്തത്.
ഗ്രാമത്തിലെ ക്ഷേത്രത്തിൽ ഒരു സൈറൻ സ്ഥാപിക്കുകയാണ് അധികൃതർ ആദ്യം ചെയ്തത്. പഠന സമയമായാൽ, വിദ്യാർത്ഥികളെ അറിയിക്കാനായി സൈറൻ മുഴങ്ങും. എല്ലാ ദിവസവും വൈകീട്ട് ഏഴു മണിയ്ക്ക് കുട്ടികൾ എവിടെയായിരുന്നാലും സൈറൻ കേട്ട് അവരവരുടെ വീടുകളിലേക്ക് മടങ്ങും. അമ്മമാരും ഈ സമയം കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കഴിവതും ശ്രമിക്കുന്നു. കുട്ടികൾ പഠിക്കുമ്പോൾ രക്ഷിതാക്കൾ അവർക്കരികിലിരുന്ന് പുസ്തകങ്ങൾ വായിക്കുന്ന കാഴ്ച ഗ്രാമത്തിലിപ്പോൾ പതിവാണ്. ഏഴു മണി മുതൽ എട്ടര വരെ ഒരു വീട്ടിലും മൊബൈൽ ഫോണോ ടിവിയോ പ്രവർത്തിക്കില്ല.
സംസ്ഥാനത്തിനും രാജ്യത്തിനും അളവറ്റ സംഭാവനകൾ നൽകിയിട്ടുള്ള പതിനഞ്ചു വിപ്ലവകാരികളുടെ മണ്ണായാണ് മൊഹിതെ വഡ്ഗാവ് ഗ്രാമം അറിയപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിൽ സജീവമായ പങ്കെടുത്തിട്ടുള്ളവരാണ് ഗ്രാമവാസികൾ. സ്വാതന്ത്ര്യ ലബ്ധിയുടെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് മൊഹിതെ വഡ്ഗാവ് ചില പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുമുണ്ട്. ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ പഠിക്കുന്നത് 130 വിദ്യാർത്ഥികളാണ്. മിഡിൽ സ്‌കൂളിൽ പഠിക്കുന്നത് 450 പേരും. ഇവർക്ക് പഠനത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കാൻ വൈകുന്നേരങ്ങളിൽ ടിവിയും മൊബൈലും പാടേ ഒഴിവാക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
Post a Comment