Join News @ Iritty Whats App Group

കോഴിക്കോട് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതായി

കോഴിക്കോട്: ഫുട്ബോൾ കളിക്കാനെത്തിയ രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കോഴിക്കോട് ബീച്ചിലാണ് സംഭവം. കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം.

കടലിലേക്ക് പോയ പന്ത് എടുക്കാന്‍ പോയ കുട്ടികളാണ് തിരയില്‍പ്പെടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ നസ്സൻ എന്നിവരെയാണ് കാണാതായത്. ഇരുവരും പ്ലസ് ടു, പ്ലസ് വൺ വിദ്യാർഥികളാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തീരത്തോട് ചേർന്നുള്ള ഭാഗത്ത് കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും കടലിൽ ഇറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടില്ല.

അഞ്ച് കുട്ടികളാണ് രാവിലെ ഫുട്ബോൾ കളിക്കാനായി ബീച്ചിൽ എത്തിയത്. കളി തുടങ്ങി അൽപസമയത്തിനകമാണ് പന്ത് കടലിലേക്ക് പോയത്. മൂന്നു കുട്ടികളാണ് പന്ത് എടുക്കാനായി കടലിലേക്ക് ഇറങ്ങിയത്. മൂന്നുപേരും തിരയിൽ അകപ്പെടുകയായിരുന്നു. ഒരു കുട്ടിയെ മറ്റുള്ള രണ്ടുപേർ ചേർന്ന് രക്ഷപെടുത്തി. ആദിലിനെയും നസ്സനെയും രക്ഷപെടുത്തിയെങ്കിലും തൊട്ടടുത്ത തിരയിൽ അവർ അകപ്പെടുകയായിരുന്നു. ഇതിൽ ഒരു കുട്ടിക്ക് നീന്തൽ അറിയില്ലെന്ന് ഒപ്പമുള്ളവർ പറയുന്നു. കുട്ടികളുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group