ബെംഗളൂരു: അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി 39കാരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബെംഗളൂരുവിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൈക്കോ ലേഔട്ട് പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് സെനാലി സെൻ എന്ന യുവതി തിങ്കളാഴ്ചയാണ് മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.
കുറ്റം സമ്മതിച്ച് യുവതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് ഐപിസി സെക്ഷൻ 302 പ്രകാരവും മറ്റ് വകുപ്പുകളും ചേർത്ത് പോലീസ് കേസെടുത്തു.
പശ്ചിമ ബംഗാൾ സ്വദേശിനിയായ സെനാലി സെൻ മൃതദേഹം അടങ്ങിയ സ്യൂട്ട്‌കേസുമായി മൈക്കോ ലേഔട്ട് ഏരിയയിലെ പോലീസ് സ്‌റ്റേഷനിൽ എത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അമ്മയുമായുള്ള പതിവ് വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന് യുവതി പറഞ്ഞു. വഴക്കിനിടെ അമ്മയെ കൊലപ്പെടുത്തിയെന്ന് സെനാലി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോൾ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം യുവതിയുടെ അമ്മായിയമ്മ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സംഭവം അറിഞ്ഞിരുന്നില്ല. മുറിക്കുള്ളിൽ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Post a Comment