കന്യാകുമാരി: യുവതി പ്രണയം പാതി വഴിയിൽ നിരസിച്ചതിന്റെ അമർഷത്തിൽ കാമുകിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകൾ ഡാൻ നിഷയെയാണ് (23) വെട്ടി പരിക്കേൽപ്പിച്ചത്. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബെർജിന് ജോശ്വ (23) ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം.
ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മാർത്താണ്ഡത്തിലെ സ്വകാര്യ കോളേജിൽ പഠിക്കുന്നത് മുതൽ നിഷയും ജോശ്വയും തമ്മിൽ പ്രണയത്തിലായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ രണ്ട് മാസത്തിന് മുൻപ് ജോശ്വയുമായുള്ള ബന്ധത്തിൽനിന്ന് നിഷ പിൻമാറി.
ഇതിനെ തുടർന്ന് ജോശ്വ തന്റെ കൈവശം ഉണ്ടായിരുന്ന നിഷയുടെ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് യുവതിയെ മാർത്താണ്ഡത്തിൽ വിളിച്ചു വരുത്തി. പഴയ സ്വകാര്യ കമ്പനിയുടെ പിൻ വശത്ത് യുവതിയെ കൂട്ടി കൊണ്ട് പോയ ജോശ്വ ഒളിപ്പിച്ചുവെച്ചിരുന്ന അരിവാൾ കൊണ്ട് നിഷയുടെ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോഴേക്കും ജോശ്വ അവിടെ നിന്ന് കടന്നുകളഞ്ഞു.
തുടർന്ന് വിരികോട് റെയിൽവേ പാളത്തിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു. നിഷയെ നാട്ടുകാർ രക്ഷിച്ചു കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് ആശുപത്രി അധികൃതർ മേൽ ചികിത്സയ്ക്കായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിഷയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോശ്വയുടെ മൃദദേഹം കൈപ്പറ്റിയ നാഗർകോവിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment