കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിയുടെ ഇ.ഡി കേസ് ഹൈക്കോടതി റദ്ദാക്കി. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം കേസിലാണ് കെ. എം ഷാജിക്ക് ആശ്വാസ വിധി വന്നത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ഷാജിക്കെതിരെ എടുത്ത സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെയുള്ള നടപടികളെല്ലാം കോടതി റദ്ദാക്കി.
എംഎല്‍എ ആയിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഷാജിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂര്‍ മാലാര്‍കുന്നിലെ ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തിനെതിരെയാണ് കേസെടുത്തത്. സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
മുന്‍പും ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കിയിരുന്നു. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരുന്നത്.
Post a Comment