ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകളും കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകളും സെന്‍സര്‍ ചെയ്യാന്‍ ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ബ്രേക്കിംഗ് പോയിന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍.
വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജാക്ക് ഡോര്‍സിയുടെ പ്രതികരണം. അതേസമയം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണ് എന്ന് പറഞ്ഞ് രംഗത്തെത്തി. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തിലെ ചിലതൊക്കെ മായ്ക്കാനാണ് കള്ളം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാര്‍ വിമര്‍ശകരായ ചില മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നെന്നും പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നെന്നുമാണ് ജാക്ക് ഡോര്‍സി പറയുന്നത്. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോര്‍സിയുടെ ആരോപണം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റുപിടിച്ചതോടെയാണ് പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും ഇന്ത്യയിലെ നിയമവ്യവസ്ഥ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡോര്‍സി പ്രവര്‍ത്തിച്ചിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്നുള്‍പ്പടെ നിരവധി വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനുള്ള സാധ്യതയുള്ളതിനാല്‍ ട്വിറ്ററില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരുന്നു എന്നും മന്ത്രി പറഞ്ഞു. ജാക്ക് ഡോര്‍സിക്ക് കീഴില്‍ ട്വിറ്റര്‍ പക്ഷപാതപരമായാണ് പെരുമാറിയത്. അമേരിക്കയില്‍ സമാനമായ സംഭവങ്ങള്‍ നടന്നപ്പോള്‍ ഇത്തരം ട്വീറ്റുകള്‍ അവര്‍ സ്വയം പിന്‍വലിക്കാന്‍ തയ്യാറായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പേരില്‍ തങ്ങള്‍ ആരെയും റെയ്ഡ് ചെയ്യുകയോ ജയിലിലേക്ക് അയക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മാത്രമായിരുന്നു തങ്ങളുടെ ശ്രദ്ധ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കുക എന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment