Join News @ Iritty Whats App Group

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൂടെ താമസിക്കുന്ന മലയാളി അറസ്റ്റിൽ

ലണ്ടൻ: ലണ്ടനില്‍ ഒരുമിച്ച് താമസിക്കുന്ന മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ഒരാള്‍ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിലാണ് സംഭവം.

 അരവിന്ദും കുത്തിയ മലയാളി സുഹൃത്തും മറ്റു രണ്ടു പേരുമുള്‍പ്പെടെ നാലുപേരാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്ലാറ്റില്‍വെച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഫ്ലാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്.

പോലീസിനൊപ്പമെത്തിയ മെഡിക്കല്‍ സംഘമാണ് അരവിന്ദിനെ ചികിത്സിച്ചത്. എന്നാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ അരവിന്ദ് മരിച്ചു. അതേസമയം ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാൾ വിദ്യാർത്ഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ജോലി നഷ്‌ടപ്പെട്ടപ്പോൾ പ്രതിക്ക് വീട്ടു വാടക നൽകാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും അരവിന്ദ് മുന്നിലുണ്ടായിരുന്നതായി മറ്റുള്ളവർ പറയുന്നു. അരവിന്ദ് ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group