Join News @ Iritty Whats App Group

സവർക്കറും ഹെഡ്ഗേവാറും പുറത്ത്; മതപരിവർത്തന നിരോധന നിയമം പിൻവലിച്ചു; പുതിയ നിയമംകൊണ്ടുവരുമെന്ന് കർണാടക സർക്കാർ


ബംഗളുരു: കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന നിർണായക ബില്ലുകൾ പിൻവലിക്കുകയാണ് പുതിയതായി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മതപരിവർത്തന നിരോധന നിയമം. ബിജെപി സർക്കാർ കൊണ്ടുവന്ന ഈ നിയമം പിൻവലിക്കാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്.

കൂടാതെ ബിജെപി സർക്കാരിന്റെ കാലത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സ്കൂളിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന നിർദേശവും പുതിയ സർക്കാർ നടപ്പാക്കും.

സവർക്കറിനേയും ഹെഡ്‌ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആർഎസ്‌എസ് ചിന്തകൻ ചക്രവർത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 2022 ഒക്ടോബറിലാണ് കർണാടകയിൽ മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) പ്രാബല്യത്തിൽ വന്നത്. അന്നത്തെ ബിജെപി സർക്കാർ കൊണ്ടുവന്ന് ബിൽ നിയമസഭ പാസാക്കുകയായിരുന്നു. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിലാണ് ബിൽ 2022 സെപ്റ്റംബറിൽ നിയമസഭ പാസാക്കിയത്.

2021 ഡിസംബറിൽ ബിൽ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ഉപരിസഭയായ നിയമ നിർമാണ കൗൺസിലിന്‍റെ അംഗീകാരം നേടാനായില്ല. തുടർന്ന് കൗൺസിലിനെ മറികടന്ന് നിയമം പ്രാബല്യത്തിൽ വരുത്താൻ 2022 മേയിൽ സർക്കാർ ബിൽ ഓർഡിനൻസായിറക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group