തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് വടശേരിക്കോണം സ്വദേശി രാജു (63) കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയായ ജിഷ്ണുവും കുടുംബവും മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിൽ എത്തിയിരുന്നെന്ന് വെളിപ്പെടുത്തൽ. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ അയൽവാസി കൂടിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു. ഒരു തവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവുമാണ് വിവാഹാലോചനയുമായി ജിഷ്ണു രാജുവിന്റെ വീട്ടിലെത്തിയത്.
എന്നാൽ, രണ്ടു സമുദായമായതിനാൽ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂർത്തിയാകാത്ത ചെറിയ വീടായതിനാൽ മകളെ അവിടേക്കു വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനോടു രാജുവിനും കുടുംബത്തിനും താൽപര്യമില്ലായിരുന്നു. ഇക്കാര്യം ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു. എന്നാൽ, വീണ്ടും ജിഷ്ണുവും കുടുംബവും വിവാഹത്തിന് താൽപര്യം അറിയിച്ചെത്തി. മൂന്നാമതും എത്തിയതോടെ ഇനി ഇക്കാര്യം പറഞ്ഞു വീട്ടിൽ വരരുതെന്ന് രാജു താക്കീത് ചെയ്തു.
പിന്നീട് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹാലോചന എത്തി. കല്യാണ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി. രാജുവിന്റെ വീടിനടുത്താണ് ജിഷ്ണുവിന്റെ വീട്. കല്യാണത്തിന്റെ തലേദിവസം പാർട്ടി കഴിഞ്ഞ് എല്ലാവരും പോയശേഷം പന്ത്രണ്ടരയോടെയാണ് ജിഷ്ണുവും മറ്റു പ്രതികളും രാജുവിന്റെ വീട്ടിലേക്കെത്തിയത്. കല്യാണത്തലേന്ന് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുമെന്ന് വീട്ടുകാർ കരുതിയിരുന്നില്ല.
അക്രമി സംഘം ശ്രീലക്ഷ്മിയെ മർദിച്ചതോടെ വീട്ടിൽ കൂട്ടനിലവിളി ഉയർന്നു. തടയാനെത്തിയ രാജുവിനെയും ഭാര്യയെയും മർദിച്ചു. മൺവെട്ടി കൊണ്ടായിരുന്നു മർദനം. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും മർദിച്ചു. സംഘർഷത്തിനിടെ രാജുവിന് തലയ്ക്ക് അടിയേറ്റു. രാജു കുഴഞ്ഞുവീണതോടെ അക്രമി സംഘം സ്ഥലത്തുനിന്ന് മടങ്ങി.
രാജുവിന്റെ ഇളയ മകൻ ശ്രീഹരി വിവാഹം നടക്കേണ്ട ശിവഗിരിയിലായിരുന്നു ഈ സമയം. ഇന്ന് രാവിലെ പത്തരയ്ക്കാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 22 വർഷം ഗൾഫിയിൽ ജോലി ചെയ്തശേഷം അഞ്ച് വർഷം മുൻപാണ് രാജു നാട്ടിലെത്തിയത്. നാലു വർഷമായി വടശ്ശേരിക്കോണത്ത് ഓട്ടോറിക്ഷ ഓടിക്കുന്നു. ഭാര്യ ജയ ആശാവർക്കറാണ്. സഹോദരൻ ശ്രീഹരി സ്വകാര്യ ആശുപത്രിയിൽ ഇലക്ട്രീഷ്യനാണ്.
Post a Comment