തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ഹൈക്കോടതിയില്‍ ഹാജരായ യുവതി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അറിയിച്ചതിനെ തുടര്‍ന്നാണിത്.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മലപ്പുറം സ്വദേശിനികളായ ഇരുവരും പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലാവുന്നത്. പ്രായപൂര്‍ത്തിയായതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി 27ന് വീടുവിട്ടു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരേയും മലപ്പുറം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ഒരുമിച്ചുജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നായിരുന്നു എറണാകുളത്തേക്ക് താമസം മാറ്റിയത്.
കോലഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കവേ മെയ് 30ന് കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സുമയ്യയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
Post a Comment