തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരികോണത്ത് വിവാഹ തലേന്ന് പെണ്ണിന്റെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജൻ (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വർക്കല ശിവഗിരിയിൽ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം.
വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ് രാത്രി 12 മണിയോടെ അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും രാജന്റെ വീടിന് മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പൊലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പ്രതികൾ.
രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും വിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. അക്രമത്തിൽ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു.
സംഭവത്തിൽ വിഷ്ണു ഉൾപ്പെടെ നാല് പ്രതികളെ കലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല എസ് എൻ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മരണപ്പെട്ട രാജൻ ഓട്ടോ ഡ്രൈവറാണ്.
Post a Comment