Join News @ Iritty Whats App Group

വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽ കീറിക്കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് റിപ്പോർട്ട്



പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ രേഖ ചമച്ച കേസിൽ കെ വിദ്യ കുറ്റം സമ്മതിച്ചെന്ന് പൊലീസ് റിപ്പോർട്ട്. വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിനു മുകളിൽ നിന്ന് കീറിക്കളഞ്ഞെന്നും സർട്ടിക്കറ്റ് ഉണ്ടാക്കാനുപയോഗിച്ച മൊബൈൽ ഫോൺ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലെ ഫോർ സി റൂമിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. വ്യാജരേഖ കീറിയെറിഞ്ഞ സ്ഥലം കാണിച്ചുതരാമെന്നും വിദ്യ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

വ്യാജ രേഖയുടെ ഒറിജിനൽ കീറിക്കളഞ്ഞെന്ന മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖയുണ്ടാക്കി അക്ഷയ സെന്ററിലേക്ക് മെയിൽ അയച്ചു. ഇത് പ്രിന്റ് എടുത്ത ശേഷം അതിന്റെ പകർപ്പാണ് അട്ടപ്പാടി കോളേജിൽ നൽകിയത് എന്നാണ് പൊലീസ് പറയുന്നത്.

പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തിൽ ആദ്യം എടുത്ത പ്രിന്റ് കീറി കളഞ്ഞു. കരിന്തളം കോളേജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ടാണ് വ്യാജ രേഖ നിർമ്മിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ രേഖയുണ്ടാക്കിയ സംഭവത്തിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കേരളം വിട്ടു പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

ഇതിനിടയിൽ, കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ വിദ്യയെ കസ്റ്റഡിയിലെടുക്കാമെന്ന് കോടതി അറിയിച്ചെങ്കിലും നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് നീലേശ്വരം പൊലീസ് നോട്ടിസ് നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group