ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ തോക്കുകൾ കയ്യിലേന്തി എത്തിയ അഞ്ചംഗ സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം ആറേപത്തൊടെ എടപ്പുഴ ടൗണിൽ എത്തിയ സംഘമാണ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയശേഷം പ്രസംഗിക്കുകയും കൈപ്പടയിൽ എഴുതിയ പോസ്റ്റർ ഒട്ടിച്ച ശേഷം വന്ന വഴിക്കു തന്നെ തിരിച്ചു പോവുകയും ചെയ്തു.
എടപ്പുഴ കുരിശുമല റോഡിൽ നിന്നും പ്രകടനമായി എത്തിയ സംഘം ടൗണിൽ മുന്നൂറ് മീറ്ററോളം ദൂരത്താണ് പ്രകടനം നടത്തിയത്. വെളിച്ചം മൗലികാവകാശമാണ്. വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്നെഴുതിയ ലഘുലേഖ നൽകുകയും ഒട്ടിക്കുകയും ചെയ്തു. ഇരുപത് മിനിറ്റോളം ടൗണിൽ തങ്ങിയ സംഘം റേഷൻ വെട്ടിക്കുറച്ചതടക്കമുള്ള കാര്യങ്ങൾ പറഞ്ഞ് പ്രസംഗിച്ചു. ഈ സമയത്ത് മുപ്പതോളം നാട്ടുകാരും സ്ഥലത്തെത്തി. രണ്ടു കടകളിൽ നിന്നായി പച്ചരി, ഓയിൽ, റൊട്ടി അടക്കമുള്ള ബേക്കറി സാധനങ്ങളും വാങ്ങിയാണ് വന്ന വഴിക്കു തന്നെ മടങ്ങിയത്. സി പി ഐ മാവോയിസ്റ്റ് കബനീദളം എന്ന പേരിലുള്ള പോസ്റ്ററിന്റെ തലക്കെട്ട് വെളിച്ചം മൗലികാവകാശമാണ്. വെളിച്ചം തടയുന്ന ശക്തികൾക്കെതിരെ സംഘം ചേരുക എന്നാണ്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. സി.പി. മൊയ്തീനാണ് മുദ്രാവാക്യം വിളിച്ചു കൊടുത്തതും പ്രസംഗിച്ചതും. തിരിച്ചു പോകുന്നതിന് മുന്നേ തങ്ങളെ ഓട്ടോറിക്ഷയിൽ കൊണ്ട് വിടാൻ പറ്റുമോ എന്നും ഇവർ ചോദിച്ചിരുന്നു.
കഴിഞ്ഞ 31 ന് അയ്യങ്കുന്ന് കളിതട്ടും പാറയിലെ മൂന്നോളം വീടുകളിൽ ഇതേ സംഘം എത്തിയിരുന്നു. അതിനും ഒരു മാസം മുൻപ് ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും ഇവർ എത്തിയിരുന്നു. അന്ന് ഇവർ എത്തിയ വീട്ടിലുള്ളവരോട് ബാരാപ്പോൾ ജലവൈദ്യുത പദ്ധതി തകർക്കുമെന്ന് പറഞ്ഞിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.
Post a Comment