കണ്ണൂര്‍ : ഇൻഡിഗോ വിമാനത്തിനുള്ളിൽ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനും ജയരാജനെ കുറ്റമുക്തനാക്കാനുമുള്ള പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ ഫർസീൻ മജീദ് രംഗത്ത്. തെളിവ് മറച്ചു വെച്ചാണ് പൊലീസ് അന്വേഷണം നടന്നതെന്നും റിപ്പോർട്ടിനെതിരെ കോടതിയിൽ തടസ്സവാദം ഉന്നയിക്കുമെന്നും ഫർസീൻ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'പൊലീസ് അന്വേഷണം അട്ടിമറിക്കുമെന്ന് ഉറപ്പായിരുന്നു. ഇപിയും പിണറായിയുടെ ഗൺ മാനും തങ്ങളെ ആക്രമിച്ചിട്ടുണ്ട്. വിമാനത്തിൽ നടന്നത് ലോകം കണ്ടതാണ്. അന്വേഷണത്തിൽ ഇരട്ട നീതിയാണ് ഉണ്ടായത്. വീഡിയോ തെളിവ് മറച്ചു വെച്ചാണ് പൊലീസ് അന്വേഷണം നടന്നത്. പൊലീസ് റിപ്പോർട്ടിനെതിരെ കോടതിയിൽ തടസ്സവാദം ഉന്നയിക്കും'. ആശുപത്രി രേഖയും ആക്രമണ ദൃശ്യവും കോടതിയിൽ നൽകും. നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും ഫർസീൻ മജീദ് വ്യക്തമാക്കി.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരെയെത്തി മുദ്യാവാക്യം വിളികളുയര്‍ത്തിയത്. വിമാനത്തിലുണ്ടായിരുന്ന ഇ പി ജയരാജൻ ഇരുവരെയും തടയുന്നതും പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തപ്പോള്‍ ജയരാജൻ മർദ്ദിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാരും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാതെ തള്ളിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാർ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
വധശ്രമം, ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എയർക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധക്കാർ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും കൈയേറ്റം ചെയ്തുവെന്ന പരാതി നിലനിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിന്മേൽ പരാതിയുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാൻ പൊലീസ് പരാതിക്കാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Post a Comment