തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ ഇന്നലെയാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയത്. കേസില്‍ വഞ്ചനക്കുറ്റമാണ് കെ പി സി സി പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് കളമശ്ശേരിയിലെ ഓഫീസില്‍ ഹാജരാകണം എന്ന് സുധാകരനോട് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതായാണ് വിവരം. ഇത് സംബന്ധിച്ച നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. സുധാകരന്‍, മോന്‍സന്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് അന്വേഷണസംഘം കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് വാദം. കെ സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് ഉയര്‍ന്ന് വന്നതിന് പിന്നാലെ പല ഉന്നതരും സംശയത്തിന്റെ നിഴലിലായിരുന്നു. കെ സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന് 25 ലക്ഷം രൂപ കൈമാറിയത് എന്നാണ് പരാതിക്കാര്‍ പറയുന്നത്. 2018 നവംബര്‍ 22 ന് മോന്‍സന്റെ കലൂരുലുള്ള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറി. എന്നാല്‍ അന്ന് സുധാകരന്‍ എം പിയായിരുന്നില്ല.
ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്ന് മോന്‍സന്‍ തങ്ങളെ വിശ്വസിപ്പിച്ചിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ പണം പിന്‍വലിക്കാനുള്ള തടസങ്ങള്‍ നീക്കാനായി തങ്ങളുടെ കൈയില്‍ നിന്ന് പലപ്പോഴായി 10 കോടി രൂപ വാങ്ങി. ഇത് കൂടാതെ മോന്‍സന്‍ വീണ്ടും 25 ലക്ഷം രൂപ ചോദിച്ചു. എന്നാല്‍ അത് കൊടുത്തില്ല.
തുടര്‍ന്ന് 2018 നവംബര്‍ 22 ന് കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍ വെച്ച് സുധാകരന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ പരിഹരിക്കാമെന്ന് നേരിട്ട് ഉറപ്പു നല്‍കി എന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിന്റെ പേരില്‍ മോന്‍സന് 25 ലക്ഷം കൂടി നല്‍കിയെന്നും ഇതില്‍ 10 ലക്ഷം രൂപ സുധാകരന്‍ വാങ്ങിയെന്നുമാണ് ആരോപണം. പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരന്‍ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണ് പണം നല്‍കിയത് എന്നാണ് പരാതിക്കാര്‍ പറയുന്നത്.
അതേസമയം തന്നെ പ്രതിയാക്കിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Post a Comment