തിരുവനന്തപുരം: വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടമൺകടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിത എന്ന വീട്ടിൽ ആണ് രാവിലെയോടെ വിദ്യയുടെ മൃതദേഹം കണ്ടത്. ഇവരുടെ ഭർത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യയെ വീടിന്റെ ശുചിമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടത്. വിദ്യയുടെ അച്ഛനാണ് വിവരം പോലീസിൽ അറിയിച്ചത്.
റസിഡൻസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സതീശ് കുമാറിന്റെ വീട്ടിലെ രണ്ടാംനിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പാണ് വിദ്യയും ഭർത്താവും രണ്ടു മക്കളും ഇവിടെ താമസം തുടങ്ങിയത്. സ്ഥലത്ത് പോലീസ് ഫോറൻസിക് പരിശോധന നടത്തി ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സമീപവാസികളായ ആളുകളുമായി വീട്ടുകാർക്ക് ബന്ധമുണ്ടായിരുന്നില്ല. ഓൺലൈൻ ഭക്ഷണം വരുത്തുന്നതും ചില ബന്ധുക്കൾ വന്നു പോയതായും കണ്ടിട്ടുണ്ട് എന്നതല്ലാതെ ഇവരെ കുറിച്ച് ആർക്കും വിവരമില്ല.
വ്യാഴാഴ്ച്ച വൈകുന്നേരം മകൻ സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ അമ്മ രക്തം വാർന്നു ക്ഷീണിതയായി കിടക്കുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് വിദ്യയുടെ അച്ഛൻ എത്തുമ്പോൾ ഭർത്താവ് പ്രശാന്ത് വിദ്യയുടെ അടുത്തിരുന്നു വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വിദ്യയുടെ മരണം സ്ഥിരീകരിച്ചു.
Post a Comment